'മനുഷ്യപുസ്തകങ്ങള്‍' കഥ പറയുന്നിടം; ഹ്യൂമന്‍ ലൈബ്രറി
വായിക്കാനൊക്കെ ഇഷ്ടമാണ്. എന്നാല്‍ ആ പുസ്തകത്തിന്റെ വലിപ്പം കാണുമ്പോഴേക്കും ആകെ മനസ്സു മടുക്കും എന്നതാണ് പുസ്തകവായന ഒഴിവാക്കുന്നതിനുള്ള കാരണമായി നിങ്ങള്‍ പറയുന്നതെങ്കില്‍, നിങ്ങള്‍ക്കുള്ളതാണ് ഹ്യൂമന്‍ ലൈബ്രറി. ആരെങ്കിലും ആ മനോഹര പുസ്തകത്തിന്റെ സാരാംശം ഒന്നു പറഞ്ഞു തന്നിരുന്നെങ്കിലെന്ന് നിങ്ങള്‍ ആഗ്രഹിക്കാറുണ്ടോ ?
മനുഷ്യ പുസ്തകശാല അഥവാ ഹ്യൂമന്‍ ലൈബ്രറി എന്ന ആശയത്തിലൂടെ ആ ആഗ്രഹപൂര്‍ത്തീകരണത്തിന് സാധ്യത തെളിയുകയാണ്. കാര്യം ലളിതമാണ്. ഒരാള്‍, അയാള്‍ വായിച്ച പുസ്തകത്തെ കുറിച്ച്, മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് ഹ്യൂമന്‍ ലൈബ്രറിയിലൂടെ ചെയ്യുന്നത്.
ഹ്യൂമന്‍ ലൈബ്രറി എന്ന ആശയത്തെ ഒന്നുകൂടി മോടി പിടിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ അന്നപൂര്‍ണാ സര്‍വ്വകലാശാലയിലെ മാസ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ ഹര്‍ഷദ് ഫാദ്.
ഇതില്‍, വായനശാലയില്‍ നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങള്‍ എടുക്കുന്നതു പോലെ, പുസ്തകം വായിച്ച ആളെ അര മണിക്കൂര്‍ നേരത്തേക്ക് വാടകയ്ക്ക് എടുക്കാം. ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടി പുസ്തകമായി മാറുന്നുവെന്നു സാരം.
അയാള്‍ നിങ്ങള്‍ക്ക് പുസ്തകത്തെ കുറിച്ച് പറഞ്ഞുതരും. മാത്രമല്ല, ഇനി നിങ്ങള്‍ക്ക് പുസ്തകത്തെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെന്നിരിക്കട്ടെ. അത് പുസ്തകം പറഞ്ഞു തരുന്ന ആളോട് ചോദിക്കാനും അവസരമുണ്ട്.
2000-ല്‍ സ്കാന്‍ഡിനേവിയന്‍ രാജ്യമായ ഡെന്മാര്‍ക്കിലാണ് ഹ്യൂമന്‍ ലൈബ്രറി എന്ന ആശയം രൂപപ്പെട്ടത്. റോണി അബേര്‍ഗലും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു ഹ്യൂമന്‍ ലൈബ്രറി എന്ന ആശയം നടപ്പാക്കിയത്.
ഇന്ത്യയില്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത് 2016-ല്‍ ഐ.ഐ.എം ഇന്‍ഡോറിലായിരുന്നു. രണ്ടാമത്തെ വേദിയായത് ഹൈദരാബാദും. ലോകത്ത് ആദ്യമായി സ്ഥിര ഹ്യൂമന്‍ ലൈബ്രറിക്ക് രൂപം നല്കിയത് ആസ്‌ട്രേലിയയിലാണ്.
നിങ്ങള്‍ക്ക് താത്പര്യമുള്ള പുസ്തകം വായിച്ചിട്ടുള്ള വ്യക്തിയെ തിരഞ്ഞെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് ആ വ്യക്തിയുമായി 30 മിനിട്ട് ആ പുസ്തകത്തെ കുറിച്ച് സംസാരിക്കാം. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഹര്‍ഷദിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ഹൈദരാബാദില്‍ ഹ്യൂമന്‍ ലൈബ്രറി സംഘടിപ്പിച്ചത്. പത്ത് 'മനുഷ്യപുസ്തക'ങ്ങളായിരുന്നു അന്ന് ലഭ്യമായിരുന്നത്.
https://www.facebook.com/Malayalivartha