റഫ്യൂജി പാര്‍ക്കില്‍ രാജവെമ്പാലയുടെ നീരാട്ട്
തട്ടേക്കാട് പക്ഷി സങ്കേതത്തിലെ റഫ്യൂജി പാര്‍ക്കില്‍ രാജവെമ്പാലയുടെ നീരാട്ട് കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകള്‍ക്ക് അവസരം കിട്ടി.
കാട്ടിലെ ചൂട് സഹിക്കവയ്യാതെയാവുമ്പോഴാണ് ഇവ വനാതിര്‍ത്തിയിലെ ഗ്രാമത്തിലേക്കിറങ്ങാറുള്ളത്. അപ്രകാരമൊരു യാത്രയ്ക്കിടയില്‍ പിടികൂടിയതാണ്. ഷീറ്റ് മേഞ്ഞ് ചുറ്റിനും കമ്പിവലയിട്ട് കിണര്‍വട്ടത്തിലുള്ള കൂട്ടിലാണ് പതിനഞ്ച് അടി നീളമുള്ള രാജവെമ്പാലയെ പാര്‍പ്പിച്ചിരിക്കുന്നത്. പാമ്പിനെ കാണാന്‍ ദിവസേന നിരവധി പേരാണ് എത്തുന്നത്.
നേര്യമംഗലത്തിന് സമീപം വനാതിര്‍ത്തിയിലുള്ള കാഞ്ഞിരവേലി ഗ്രാമത്തില്‍ നിന്ന്, വാച്ചര്‍ കൊരട്ടികുന്നേല്‍ സ്റ്റീഫനും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷാജിയും കൂടിയാണ് പിടികൂടിയത്. കുളിപ്പിക്കുന്നതും സ്റ്റീഫന്‍ തന്നെ. സ്റ്റീഫന്‍ പിടികൂടുന്ന അമ്പതാമത്തെ രാജവെമ്പാലയാണിത്.
പക്ഷിസങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന രാജവെമ്പാലയുടെ ദേഹത്ത് ദിവസേന നാലഞ്ച് പ്രാവശ്യമെങ്കിലും വെള്ളമൊഴിച്ച് തണുപ്പിച്ചില്ലെങ്കില്‍ ഇവന്‍ ഉഗ്രകോപിയാവുമെന്ന് പക്ഷിശാസ്ത്രഞ്ജനായ ഡോ.ആര്‍ .സുഗതന്‍ പറഞ്ഞു.
വെള്ളം വീഴുന്നതോടെ ശാന്തനാകും. ഉടലിലേയ്ക്ക് ഹോസില്‍ നിന്ന് വെള്ളം ചീറ്റിക്കുമ്പോള്‍ അനങ്ങാതെ കിടക്കും. രാവിലെ ആദ്യത്തെ വെള്ളം ഒഴിക്കല്‍ കഴിയുന്നതോടെ വെമ്പാല ഉഷാറാകും. ഉച്ചയാകുന്നതോടെ നീരാട്ടിന്റെ എണ്ണം കൂടും. അതോടെ സാവധാനം പത്തിയുയര്‍ത്തിപ്പിടിക്കും
നീരാട്ടിന് പുറമെ തീറ്റയ്ക്കും രാജവെമ്പാലയ്ക്ക് പ്രത്യേകം ചാര്‍ട്ടുണ്ട്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തീറ്റ നല്‍കണം. മൂര്‍ഖന്‍ മുതല്‍ പെരുമ്പാമ്പ് കുഞ്ഞ് വരെ ഏതായാലും സന്തോഷം. തീറ്റ മതിയായാല്‍ പിന്നെ കൂട്ടിനകത്ത് വിശ്രമം.
https://www.facebook.com/Malayalivartha