സ്‌കൂട്ടറിന്റെ ഒറ്റച്ചക്രത്തില്‍ പതിമൂന്ന് മണിക്കൂര്‍ സവാരി
ജാപ്പനീസുകാരന്‍ മസാരു അബെ സ്‌കൂട്ടര്‍ ഓടിച്ചത് ഒന്നും രണ്ടും മിനിറ്റല്ല, തുടര്‍ച്ചയായി പതിമുന്ന് മണിക്കൂറാണ്, അതും ഒറ്റച്ചക്രത്തില്‍! ജപ്പാനില്‍ സയിത്താമയിലെ കവാഗുച്ചി റേസിങ് ട്രാക്കിന് ചുറ്റും റിയര്‍വീലില്‍ സ്‌കൂട്ടര്‍ ഓടിച്ച് അബെ പുതിയ ലോക റെക്കോര്‍ഡാണ് സ്ഥാപിച്ചത്. ഒറ്റ ചക്രത്തില്‍ തുടര്‍്ച്ചയായി 500.5322 കിലോമീറ്ററാണ് പതിമൂന്ന് മണിക്കൂറില്‍ മുപ്പത്തി മൂന്നുകാരനായ അബെ പിന്നിട്ടത്.
ഇരുപത്തിയാറ് വര്‍്ഷം മുമ്പ്, 1991-ല്‍ ഒറ്റചക്രത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച് സ്വന്തം നാട്ടുകാരനായ യസുയുകി കുഡോസ് എന്ന റൈഡര്‍ സ്ഥാപിച്ച 331.0195 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡാണ് അബെ പഴങ്കഥയാക്കിയത്. ജാപ്പനീസ് നിര്‍മാതാക്കളായ യമഹയുടെ ജോഗ് സ്‌കൂട്ടറിലാണ് അബെ ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 125 സിസി ഫോര്‍സ്‌ട്രോക്ക് എഞ്ചിനാണ് ജോഗിന് കരുത്തേകുന്നത്.
600 കിലോമീറ്റര്‍ ദൂരം ലക്ഷ്യമിട്ടാണ് മസാരു അബെ മത്സരം ആരംഭിച്ചത്. എന്നാല്‍ റൈഡിങ്ങില്‍ അസൗകര്യം നേരിട്ടതിനാല്‍ പതിമൂന്ന് മണിക്കൂറില്‍ ആ ലക്ഷ്യം നിറവേറ്റാന്‍ അബെയ്ക്ക് സാധിച്ചില്ല. രാവിലെ 7.09-ന് ആരംഭിച്ച റൈഡില്‍ ആദ്യ മണിക്കൂറില്‍ തന്നെ 39.2 കിലോമീറ്റര്‍ പിന്നിട്ടു. മണിക്കൂറില്‍ പരമാവധി 40 കിലോമീറ്റര്‍ വേഗതയിലായിരുന്നു എല്ലാ ലാപ്പിലും യാത്ര പൂര്‍ത്തീകരിച്ചത്.
ദൗത്യത്തിന് ആവശ്യമായ ചെറിയ ചില മോഡിഫിക്കേഷന്‍ സ്‌കൂട്ടറില്‍ നടത്തിയിരുന്നു. കടുത്ത പുറം വേദന അകറ്റാന്‍ പെയിന്‍കില്ലറിന്റെ സഹായത്തോടെയാണ് അബെ ലക്ഷ്യത്തിലെത്തിയത് ആദ്യ എട്ടു മണിക്കൂര്‍ 18 മിനിറ്റ് 43 സെക്കന്‍ഡില്‍ തന്നെ കുഡോസിനെ പിന്നിലാക്കി ലോക റെക്കോര്‍്ഡ് അബെ സ്വന്തമാക്കിയിരുന്നു.ക്ഷീണിതനായി പിന്നെയും അഞ്ചു മണിക്കൂറോളം യാത്ര തുടര്‍ന്ന ശേഷമാണ് അബെ ഡ്രൈവിങ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha