കാറിന്റെ വിലയ്ക്ക് കിട്ടും ഹെലികോപ്ടര്‍!
കോടിക്കണക്കിനു വിലയുള്ള ഹെലികോപ്ടറുകള്‍ ഒരു സാധാരണ ലക്ഷ്വറി കാറിന്റെ വിലയ്ക്ക് വാങ്ങാന്‍ അവസരം. ഞെട്ടേണ്ട. മോസ്‌ക്വിറ്റോ അള്‍ട്രാ ലൈറ്റ് ഹെലികോപ്റ്റര്‍ എന്നാണ് ഈ ചെറു കോപ്ടറുകളുടെ പേര്. 20 മുതല്‍ 30 ലക്ഷം വരെ മാത്രമാണ് ഇവയുടെ വില.
ഈ കുഞ്ഞന്‍ ഹെലികോപ്ടറുകളുടെ ശില്‍പ്പി മെക്കാനിക്കല്‍ എഞ്ചിനിയറായിരുന്ന ജോണ്‍ ഒപ്ടിഗ്രോവാണ്. ഇദ്ദേഹത്തിന്റെ ഇന്നോവേറ്റര്‍ ടെക്‌നോളജീസെന്ന കമ്പനിയാണ് ചെറിയ ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നത്. ഇരുപതു വര്‍ഷത്തോളമുള്ള പരീക്ഷണ-നിരീക്ഷണ പറക്കലുകള്‍ക്ക് ശേഷമാണ് മോസ്‌ക്വിറ്റോ ഹെലികോപ്റ്ററുകളുണ്ടായതെന്നാണ് കമ്പനിയുടെ അവകാശവാദം.
കിറ്റ് രൂപത്തിലോ അല്ലെങ്കില്‍ റെഡി ടു ഫ്‌ളെ ആയോ ആണ് ഹെലികോപ്റ്റര്‍ ലഭിക്കുക. കിറ്റ് രൂപത്തില്‍ ഇറക്കുമതി ചെയ്ത ശേഷം സര്‍വീസ് സെന്ററിന്റെ സഹായത്തോടെയോ കിറ്റിനൊപ്പമുള്ള നിര്‍മ്മാണ സഹായ കൈപുസ്തകം നോക്കിയോ ഹെലികോപ്ടര്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കാം.
മണിക്കൂറില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗം. അലൂമിനിയത്തിലാണ് ഫ്രെയിം. ആള്‍ട്ടിമീറ്റര്‍, എയര്‍ സ്പീഡ് ഇന്‍ഡിക്കേറ്റര്‍, എഞ്ചിന്‍ കണ്‍ട്രോള്‍ മോണിറ്റര്‍, ഡ്വുവല്‍ റോട്ടര്‍, എഞ്ചിന്‍ ടാക്കോമീറ്റര്‍ തുടങ്ങിയവ ഇന്‍സ്ട്രുമെന്റ് ക്‌ളസ്റ്ററിലുണ്ട്. ടെയില്‍ ബൂം നിര്‍മ്മിച്ചിരിക്കുന്നത് കാര്‍ബണ്‍ ഫൈബറിലാണ്.
മോസ്‌ക്വിറ്റോ എയര്‍, എക്‌സ്ഇഎല്‍, എക്‌സ്ഇ, എക്‌സ്ഇ285, എക്‌സ്ഇറ്റി എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. പൈലറ്റിനുമാത്രം യാത്ര ചെയ്യാനാവുന്ന ഈ ഹെലികോപ്റ്ററുകള്‍ക്ക് 242 കിലോഗ്രാം മുതല്‍ 355 കിലോഗ്രാം വരെയാണ് ഭാരം, എംസെഡ്202, 2 സൈക്കള്‍, 2 സ്‌ട്രോക്ക് എഞ്ചിനുകളാണ്(60 എച്ച്പി) അടിസ്ഥാന മോഡലുകളില്‍ ഉപയോഗിക്കുന്നത്. എക്‌സ്ഇ285, എക്‌സ്ഇറ്റി എന്നിവയില്‍ യഥാക്രമം ഇന്റ്റെക് 800(85 എച്ച്പി), സോളാര്‍ ടര്‍ബെന്‍(90 എച്ച്പി) എഞ്ചിനുകളും.
ഡിസൈന്‍ വളരെ ലളിതമാണെങ്കിലും പ്രൊഫഷണല്‍ ഹെലികോപ്റ്ററുകളുടേതു പോലുള്ള സുരക്ഷിത യാത്ര ലഭിക്കുമെന്നും പൈലറ്റിനൊപ്പം ഒരാള്‍ക്കു കൂടി സഞ്ചരിക്കാവുന്ന മോഡല്‍ ഉടന്‍ പുറത്തിറക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha