തളിപ്പറമ്പിലെ സംരക്ഷണ കേന്ദ്രത്തിലെ അണലി 40 കുഞ്ഞുങ്ങളുടെ അമ്മ !
വനംവകുപ്പിന്റെ കീഴില്‍ പാമ്പുകളുടെ സംരക്ഷണത്തിനായുള്ള പ്രത്യേക ദൗത്യസംഘത്തിലെ അംഗം തളിപ്പറമ്പ് കുറ്റിക്കോല്‍ എം.പി.ചന്ദ്രന്‍ കഴിഞ്ഞ ദിവസം പയ്യാമ്പലത്തുള്ള മൂര്‍ക്കോത്ത് ഗിരിജയുടെ വീടിന് സമീപത്ത് നിന്നു രക്ഷിച്ച അണലി തളിപ്പറമ്പിലെ സംരക്ഷണ കേന്ദ്രത്തിലെത്തിയപ്പോള്‍ നാല്‍പ്പതു മക്കളുടെ അമ്മയായി.
വീടിന്റെ ഗെയിറ്റിന് സമീപത്ത് പാമ്പിനെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്ന് ചന്ദ്രനെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഒന്‍പത് വയസ്സോളവും ഒരു മീറ്റര്‍ നീളവുമുണ്ടായിരുന്ന അണലിപ്പാമ്പിന് അസാധാരണ വലിപ്പം കണ്ടതിനെ തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന സംശയത്തെ തുടര്‍ന്ന് ചന്ദ്രന്റെ കുറ്റിക്കോലിലുള്ള വീട്ടില്‍ പ്രത്യേക സഞ്ചിയില്‍ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറ് മുതലാണ് പാമ്പ് പ്രസവിച്ച് തുടങ്ങിയത്. നാല്‍പ്പതോളം കുഞ്ഞുങ്ങളാണ് പുറത്ത് വന്നത്.
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന കരയിലെ ഏക പാമ്പാണ് അണലി. കൊടുംവിഷമുള്ള ഇനമാണിത്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇണ ചേര്‍ന്ന ശേഷം മേയ്-ജൂണ്‍ മാസങ്ങളിലാണ് ഇവ പ്രസവിക്കുക. ആറ് മാസത്തോളം നീളുന്ന ഗര്‍ഭ കാലയളവില്‍ മുട്ടകളുടെ രൂപത്തിലാണ് ഇവയുടെ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയെന്ന് ചന്ദ്രന്‍ പറയുന്നു. മുട്ടത്തോടിനു പകരം നേരിയ ചര്‍മം ആയിരിക്കും ഉണ്ടാവുക. പ്രസവിക്കുമ്പോള്‍ ഇവ ഭേദിച്ചാണ് കുഞ്ഞുങ്ങള്‍ പുറത്ത് വരുന്നത്.
പുറത്ത് വന്ന ദിവസം തന്നെ ഇവ പടംപൊഴിക്കുകയും ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരുകയും ചെയ്യും. രാജവെമ്പാലയാണ് കൂട് നിര്‍മിച്ച് മുട്ടയിട്ട് പ്രജനനം നടത്തുന്ന പാമ്പ്. ഇത്തരത്തില്‍ അത്യപൂര്‍വമായി കണ്ടെത്തുന്ന രാജവെമ്പാലയുടെ കൂട് കൊട്ടിയൂരിന് സമീപം ചന്ദ്രന്റെയും സഹപ്രവര്‍ത്തകരുടെയും നിരീക്ഷണത്തിലാണ്.
ഇതിനൊപ്പം അണലിയുടെ പ്രസവവും നേരില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവര്‍. പ്രസവത്തിനു ശേഷം ഇവര്‍ നല്‍കിയ എലിയെയും മറ്റും അണലി ഭക്ഷണമാക്കുകയും ചെയ്തിരുന്നു. പിന്നീട് അമ്മ അണലിയെയും നാല്‍പ്പതോളം കുഞ്ഞുങ്ങളെയും തളിപ്പറമ്പ് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ കാട്ടിലെത്തിച്ച് തുറന്ന് വിട്ടു.
https://www.facebook.com/Malayalivartha