വഴിയരികില്‍ മുട്ടയ്ക്ക് അടയിരുന്ന മൂര്‍ഖനെ മാറ്റി; മുട്ടകള്‍ ഇനി ഇന്‍ക്യുബേറ്ററില്‍ വിരിയും
കൊപ്പം -പേങ്ങാട്ടിരി പാതയില്‍ മുളയന്‍കാവ് ക്ഷേത്രത്തിനു സമീപം നാട്ടുകാരെ ഭീതിയിലാഴ്ത്തി റോഡരികില്‍ അടയിരിക്കുകയായിരുന്ന മൂര്‍ഖന്‍ പാമ്പിനെയും മുട്ടകളെയും ഇന്‍ക്യുബേറ്ററിലേക്കു മാറ്റി. പാതയോരത്താണ് ഒരാഴ്ചയായി മൂര്‍ഖന്‍ പാമ്പ് അടയിരുന്നത്.
രാവും പകലും കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ വഴിനടക്കുന്ന റോഡില്‍ അടയിരിക്കുന്ന മൂര്‍ഖനെ കണ്ടു പത്തു ദിവസത്തോളമായി നാട്ടുകാര്‍ ബുദ്ധിമുട്ടിലായിരുന്നു.
പാമ്പിനെ പിടിക്കാനായി എത്തുന്നവരെയെല്ലാം മൂര്‍ഖന്‍ വിറപ്പിക്കും. ക്ഷേത്രത്തിനടുത്ത് അടയിരിക്കുന്ന പാമ്പിനെ പിടിച്ചാല്‍ ദേവീകോപമുണ്ടാകുമെന്ന ആശങ്കയും നാട്ടുകാരെ വിഷമവൃത്തത്തിലാക്കി.
നാട്ടുകാര്‍ തന്നെ വിവരം അറിയിച്ചതിനെ തുടര്‍ന്നു വനംവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പാമ്പ് പിടിത്തക്കാരന്‍ കൈപ്പുറം അബ്ബാസ് എത്തിയാണ് ഒരാഴ്ചയോളം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ മൂര്‍ഖനെ പിടികൂടിയത്.
റോഡരികിലെ പുല്‍ക്കാട്ടില്‍ 33 മുട്ടകള്‍ക്കായിരുന്നു പാമ്പ് അടയിരുന്നത്. മൂര്‍ഖനും മുട്ടകളും തന്റെ ഇന്‍ക്യുബേറ്ററില്‍ അടയിരുത്തി വിരിയിപ്പിച്ച ശേഷം വനംവകുപ്പിനു കൈമാറുമെന്നു അബ്ബാസ് പറഞ്ഞു.
https://www.facebook.com/Malayalivartha