നിങ്ങള്‍ക്ക് രഹസ്യങ്ങള്‍ ഇല്ലാതാകുന്നു: ഇത് പറഞ്ഞ് ലോകത്തെ ഞെട്ടിച്ചത് ഒരു പതിനൊന്നുകാരന്‍
ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഒരു പതിനൊന്നുകാരന്‍. ഇന്റര്‍നെറ്റുമായി ബന്ധമുള്ള ഏതെങ്കിലും കളിപ്പാട്ടമോ വീട്ടുപകരണമോ നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ ഹാക്കര്‍മാര്‍ക്ക് ആവശ്യമായ നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനും അവയുടെ നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കുമെന്ന് തെളിയിച്ചാണ് റൂബെന്‍ പോള്‍ ലോകത്തെ ഞെട്ടിച്ചത്.
റോബോട്ടോ ടെഡി ബിയറോ ടോയ് കാറോ കളിപ്പാട്ടം എന്തുതന്നെയും ആകട്ടെ, അത് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കില്‍ അപകടം തന്നെയാണെന്നാണ് റൂബെന്‍ തെളിയിച്ചത്. സൈബര്‍ സുരക്ഷയെക്കുറിച്ച് ഹേഗില്‍ കൂടിയ വേള്‍ഡ് ഫോറത്തിലാണ് റൂബെന്‍ തന്റെ പ്രകടനം നടത്തിയത്.
വേള്‍ഡ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയവരുടെ കൈവശമുണ്ടായിരുന്ന ബ്ലൂടൂത്തുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് നുഴഞ്ഞുകയറി നിയന്ത്രണം ഏറ്റെടുക്കുകയാണ് ഈ പതിനൊന്നുകാരന്‍ ചെയ്തത്. റൂബെന്റെ നിര്‍ദേശത്തിനനുസരിച്ച് സദസിലുള്ളവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലൈറ്റ് ഓണാവുകയും ശബ്ദം റെക്കോഡ് ചെയ്യുകയുമൊക്കെ ചെയ്തു.
ഐടി വിദഗ്ധനായ പിതാവ് മാനോ പോളാണ് റൂബെന് ഇത്ര ചെറുപ്പത്തിലേ കംപ്യൂട്ടര്‍ വിദഗ്ധനാകുന്നതിന് സഹായിച്ച വഴികാട്ടി. ആറാം വയസില്‍ തന്നെ സോഫ്‌റ്റ്വെയറുകളുടെ പ്രവര്‍ത്തനം മനസിലാക്കി റുബെന്‍ ഞെട്ടിച്ചതോടെയാണ് കുട്ടിയുടെ സവിശേഷമായ കഴിവ് മാനോ പോള്‍ ശ്രദ്ധിക്കുന്നത്.
അമേരിക്കയിലെ ടെക്‌സാസിലാണ് റൂബെന്റെ കുടുംബം താമസിക്കുന്നത്. സൈബര്‍ സുരക്ഷാ വിദഗ്ധനായ റൂബെന്‍ ഗെയിം ഡവലപ്‌മെന്റ് കമ്പനിയായ പ്രൂഡന്റ് ഗെയിംസിന്റെ സിഇഒ കൂടിയാണ്. കാറുകള്‍, ലൈറ്റുകള്‍, എസി, റഫ്രിജറേറ്റര്‍ തുടങ്ങി ദൈനം ദിന ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സ്മാര്‍ട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്റര്‍നെറ്റുമായി ബന്ധമുള്ള ഏതൊരുപകരണവും നിങ്ങള്‍ക്ക് തിരിച്ചടി യാകാമെന്നാണ് റൂബെന്‍ നൂറുകണക്കിന് വിദഗ്ധരുള്ള വേദിയില്‍ തെളിയിച്ചത്.
https://www.facebook.com/Malayalivartha