അപൂര്‍വമായി കണ്ടുവരുന്ന ഭൂഗര്‍ഭ ഈലുകളെ നരിപ്പറ്റ പഞ്ചായത്തില്‍ കണ്ടെത്തി
ഭൂമിക്കടിയിലെ നീര്‍ച്ചാലുകളില്‍ അപൂര്‍വമായി കണ്ടുവരുന്ന ഭൂഗര്‍ഭ ഈലുകളെ നരിപ്പറ്റ പഞ്ചായത്തില്‍ കണ്ടെത്തി.
മോണോപ്‌റ്റെറസ് ഡിഗ്രസസ് എന്ന ശാസ്ത്രീയ നാമം നല്‍കപ്പെട്ട പത്തോളം മത്സ്യങ്ങളെയാണ് ചീക്കോന്ന് നെല്ലിയുള്ളപറമ്പത്ത് അഹമ്മദിന്റെ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കണ്ടെത്തിയത്.
ഇവയെ കിണറ്റിലേക്കുതന്നെ തിരികെ നിക്ഷേപിച്ചു. കാഴ്ചയില്‍ പാമ്പിന്‍ കുഞ്ഞുങ്ങളോട് സാമ്യമുള്ള ഇവ മറ്റു ജലാശയങ്ങളുമായി ബന്ധമില്ലാതെ ഭൂഗര്‍ഭ നീരൊഴുക്കുകളില്‍ മാത്രമാണ് കഴിയുക.
ചുവന്ന നിറത്തോടെയുള്ള സുതാര്യമായ ശരീരമാണ് ഇവക്ക്. ശ്വസിക്കാനുള്ള ചെകിളപ്പൂക്കള്‍ ഇല്ല എന്നതാണ് സാധാരണ ഈല്‍ മത്സ്യങ്ങളില്‍നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. ത്വക്കിലൂടെയാണ് ഇവ ശ്വസിക്കുന്നത്.
10 മുതല്‍ 20 സെന്റിമീറ്റര്‍ നീളമുണ്ട്. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍)-ന്റെ റെഡ്‌ലിസ്റ്റിലുള്ള, വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വം ജീവജാലങ്ങളില്‍ ഉള്‍പ്പെടുന്ന മത്സ്യങ്ങളാണിത്.
https://www.facebook.com/Malayalivartha