മനോഹരമായ വസ്ത്രം ഉണ്ടാക്കിയത് മിഠായിക്കടലാസുകള്‍ ഉപയോഗിച്ച് !
മിഠായി കടലാസ് ഉപയോഗിച്ച് പാവയെയും ചെറിയ രൂപങ്ങളുമൊക്കെ നാം ഉണ്ടാക്കാറുണ്ട്. എന്നാല്‍ മിഠായിക്കടലാസ് ഉപയോഗിച്ച് ഒരു വസ്ത്രമുണ്ടാക്കാന്‍ കഴിയും എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് അതിശയമുണ്ടാകാത്തത്. സംഭവം സത്യമാണ്. പെനിസില്‍വാനിയയിലെ എലിസബത്ത് ടൗണിലുള്ള എമിലി സെയ്‌ല്ഹാമെര്‍ എന്ന യുവതിയാണ് ഈ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. തന്റെ അഞ്ചു വര്‍ഷത്തെ ശ്രമഫലമായാണ് എമിലി സ്റ്റാര്‍ബസ്റ്റ് കാന്‍ഡി മിഠായിക്കടലാസുകള്‍ കൂട്ടിച്ചേര്‍ത്ത് വസ്ത്രം നിര്‍മിച്ചത്.
ബോയ്ഫ്രണ്ടായ മലാചിയാണ് എമിലിക്ക് ഇതിന് പൂര്‍ണ പിന്തുണ നല്‍കിയത്. സ്റ്റാര്‍ബസ്റ്റ് കാന്‍ഡിയുടെ വലിയ ആരാധകനാണ് ഇദേഹം. ഇവര്‍ തമ്മില്‍ ആദ്യം കണ്ടു മുട്ടിയപ്പോള്‍ അദേഹം എമിലിക്കു നല്കിയതും സ്റ്റാര്‍ബസ്റ്റ് കാന്‍ഡിയായിരുന്നു. മാത്രമല്ല എപ്പൊഴെല്ലാം ഇവര്‍ ഒരുമിക്കുന്നുവോ അപ്പോഴെല്ലാം അദേഹം തന്റെ കാമുകിക്ക് ഈ കാന്‍ഡി സമ്മാനിക്കുമായിരുന്നു.
പിന്നീടാണ് ഈ മിഠായിക്കടലാസ് കൊണ്ട് എന്തെങ്കിലും നിര്‍മിക്കാന്‍ സാധിക്കും എന്ന തോന്നല്‍ എമിലിക്കുണ്ടായത്. അങ്ങനെ തനിക്കു വേണ്ടി സ്റ്റാര്ബസ്റ്റ് മിഠായിക്കടലാസ് ശേഖരിക്കാന്‍ മലാചിയോട് എമിലി ആവശ്യപ്പെട്ടു. പിന്നീട് ഓരോ തവണ എമിലിയെ കാണാന്‍ വരുമ്പോഴും മലാചി പായ്ക്കറ്റു കണക്കിന് വ്യത്യസ്ത നിറത്തിലുള്ള സ്റ്റാര്‍ബസ്റ്റ് കടലാസുകള്‍ സമ്മാനിക്കുകയും ചെയ്തു. അഞ്ചുവര്‍ഷം കൊണ്ട് പതിനായിരത്തിലേറെ മിഠായിക്കടലാസുകള്‍ ശേഖരിച്ചു.
പക്ഷേ, ശരിക്കും പണി വരുന്നതേയുണ്ടായിരുന്നുള്ളൂ. അവയെല്ലാം നിറമനുസരിച്ച് വേര്‍തിരിച്ച ശേഷം ഓരോ കടലാസും കോര്‍ക്കുന്നതിനായി മടക്കുക എന്ന ശ്രമകരമായ ജോലിയാണ് ബാക്കിയുണ്ടായിരുന്നത്. കോളജിലെ ഡോര്‍മിറ്ററിയില്‍ ആയിരിക്കുമ്പോഴും പഠിക്കുമ്പോഴും ടിവി കാണുമ്പോഴുമെല്ലാം എമിലി മിഠായിക്കടലാസ് മടക്കുന്ന ജോലികൂടി ചെയ്തുകൊണ്ടിരുന്നു.
തുടര്‍ന്ന് മടക്കിയ കടലാസുകളെല്ലാം ഇലാസ്റ്റിക് നൂലില്‍ കോര്‍ത്ത് വസ്ത്രം തുന്നുകയായിരുന്നു. സ്റ്റാര്‍ബസ്റ്റ് കമ്പനി ചില നിറങ്ങള്‍ നിര്‍ത്തലാക്കിയപ്പോള്‍ എമിലിക്ക് തന്റെ വസ്ത്രത്തിന്റെ രൂപവും മാറ്റേണ്ടി വന്നിട്ടുമുണ്ട്. വസ്ത്രം മാത്രമല്ല മറ്റ് പല വസ്തുക്കളും എമിലി ഇതുപയോഗിച്ച് നിര്‍മിച്ചിട്ടുണ്ട്. താന്‍ കോര്‍ത്ത് നിര്‍മിച്ച സ്റ്റാര്‍ബസ്റ്റ് കാന്‍ഡി വസ്ത്രം തന്റെ വിവാഹത്തിന് ധരിക്കാനുള്ള തീരുമാനത്തിലാണ് എമിലി ഇപ്പോള്‍.
https://www.facebook.com/Malayalivartha