യുഎഇയിലെ ഫുജൈറയിലേക്ക് അന്റാര്‍ട്ടിക്കയിലെ മഞ്ഞുമല കെട്ടിവലിച്ചു കൊണ്ടുവരാനൊരുങ്ങുന്നു!
മരുഭൂമിയിലെ അസാധാരണവും കഠിനവുമായ കാലാവസ്ഥയെ കേട്ടുകേള്‍വിയില്ലാത്ത പല കടുംകൈകളും ചെയ്താണ് മനുഷ്യന്‍ മറികടന്നിട്ടുള്ളത്. ആധുനിക കാലത്തും ഇത്തരം സാഹസങ്ങള്‍ക്ക് കുറവില്ലെന്ന് തെളിയിക്കുകയാണ് അബൂദബി ആസ്ഥാനമായുള്ള നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ. യുഎഇയുടെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ അന്റാര്‍ട്ടികയില്‍ നിന്ന് മഞ്ഞുമല കപ്പലില്‍ കെട്ടിവലിച്ചുകൊണ്ടുവരികയെന്ന നിര്‍ദ്ദേശമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.
കേള്‍ക്കുമ്പോള്‍ ഉട്ടോപ്യന്‍ ആശയമെന്ന് തോന്നുന്ന ഇക്കാര്യത്തില്‍ കാര്യമായ പഠനങ്ങള്‍ ഇവര്‍ നടത്തിക്കഴിഞ്ഞു. അനുമതി ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎഇയിലുള്ളവര്‍ക്ക് അന്റാര്‍ട്ടിക്കയിലെ മഞ്ഞുവെള്ളം കുടിക്കാനാകുമെന്നാണ് ഇവരുടെ അവകാശവാദം. ധ്രുവപ്രദേശങ്ങളിലെ ശരാശരി മഞ്ഞുമലകളില്‍ 20 ദശലക്ഷം ഗാലന്‍ വെള്ളമാണുണ്ടാവുക.
അന്റാര്‍ട്ടിക്കയില്‍ നിന്നും ഫുജൈറയിലേക്ക് മഞ്ഞുമല എത്തിക്കുന്ന മാര്‍ഗവും ചിലവും സാങ്കേതിക വിദ്യയുമെല്ലാം നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ കണക്കാക്കി തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇവരുടെ കണക്കുകൂട്ടല്‍ പ്രകാരം ഇത്തരം ഒരു മഞ്ഞുമല അന്റാര്‍ട്ടികയില്‍ നിന്നും കെട്ടിവലിച്ച് സമുദ്രമാര്‍ഗ്ഗം ഫുജൈറയുടെ തീരത്തെത്തിക്കാന്‍ ഒരു വര്‍ഷത്തോളം എടുക്കും.
80 ശതമാനത്തോളം കടലിനടിയിലായതിനാല്‍ മഞ്ഞുമല ഇക്കാലത്തിനുള്ളില്‍ അലിഞ്ഞില്ലാതാവില്ലെന്നാണ് കണക്കുകൂട്ടല്‍. 2018 ആദ്യത്തോടെ പദ്ധതി ആരംഭിക്കുകയാണ് ലക്ഷ്യം. ശുദ്ധമായ വെള്ളത്തിനായാണ് ഈ അതിസാഹസം ചെയ്യുന്നത്. അതേസമയം പ്രദേശത്തെ കാലാവസ്ഥയേയും വിനോദ സഞ്ചാരത്തെ പോലും ഈ മഞ്ഞുമലയും കൊണ്ടുള്ള യാത്ര സ്വാധീനിക്കുമെന്നാണ് നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ എംഡി അബ്ദുള്ള മുഹമ്മദ് സുലൈമാന്‍ അല്‍സാഹി പറയുന്നത്.
അന്റാര്‍ട്ടിക്കയിലെ ഹേഡ് ദ്വീപിലെ മഞ്ഞുമലകളിലൊന്ന് വെട്ടിയെടുത്ത് കൊണ്ടുവരാനാണ് ഇവര്‍ പദ്ധതിയിടുന്നത്. ഫുജൈറയില്‍ നിന്നും ഹേഡ് ദ്വീപിലേക്ക് ഏകദേശം 8800 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം മഞ്ഞുമല കൊണ്ടുവന്ന് വെള്ളമാക്കി മാറ്റിയാല്‍ അഞ്ച് വര്‍ഷം പത്ത് ലക്ഷത്തോളം പേര്‍ക്ക് ആവശ്യമായ ശുദ്ധജലം ലഭിക്കുമെന്നാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോയുടെ കണക്ക്.
https://www.facebook.com/Malayalivartha