ആനന്ദം കണ്ടെത്താന്‍ ഇനി പാര്‍ക്കുകള്‍ തേടി അലയേണ്ട, നേരെ കടവന്ത്ര പോലീസ് സ്‌റ്റേഷനിലേക്കു കയറൂ...രാജ്യത്തെ ആദ്യത്തെ ശിശു-വനിതാ സൗഹൃദ പോലീസ് സ്‌റ്റേഷനാകാന്‍ ഒരുങ്ങുന്നതിന്റെ വിശേഷങ്ങള്‍
പോലീസ് സ്‌റ്റേഷന്‍ പരിസരത്തു കുട്ടികള്‍ കളിച്ചുചിരിച്ചു നടക്കുകയും അമ്മമാര്‍ വിശ്രമിക്കുകയും ചെയ്യുന്നതു കണ്ടിട്ട് ഇത് പോലീസ് സ്‌റ്റേഷന്‍ തന്നെയാണോ എന്നൊന്നും സംശയിക്കേണ്ട. പഴയകാല പോലീസ് സ്‌റ്റേഷന്റെ പേടിപ്പിക്കുന്ന മാതൃകയും പോലീസുകാരുടെ മുഖഭാവവും മനസില്‍ വിചാരിച്ച് കടവന്ത്ര പോലീസ് സ്‌റ്റേഷന്റെ പടിക്കലെത്തിയാല്‍ നിങ്ങള്‍ക്കു തെറ്റി.
ഇവിടെ കാണാന്‍ സാധിക്കുന്നത് പോലീസിന്റെ പുതിയ മുഖമാകും. കുട്ടികള്‍ക്കു കളിക്കാനുള്ള പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണു കടവന്ത്ര പോലീസ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ശിശു-വനിതാ സൗഹൃദ പോലീസ് സ്‌റ്റേഷനാകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഈ രൂപമാറ്റം.
പോലീസിനെ ഏറെ ഭയപ്പാടോടെ നോക്കികാണുന്ന കുട്ടികള്‍ക്കു കളിക്കാനുള്ള പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായാണു സ്‌റ്റേഷന്‍ വേറിട്ട അനുഭവമൊരുക്കുന്നത്. സ്ത്രീ സൗഹൃദ സ്‌റ്റേഷനെന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിലാണു കടവന്ത്രയെ തെരഞ്ഞെടുത്തത്.
സമീപ പ്രദേശങ്ങളിലെ കുട്ടികള്‍ അടക്കം ആനന്ദം കണ്ടെത്താന്‍ ഇനി പാര്‍ക്കുകള്‍ തേടി അലയേണ്ട കാര്യമില്ല. നേരെ പോലീസ് സ്‌റ്റേഷനിലേക്കു കയറുകയേ വേണ്ടൂ. കുട്ടികളുമായി ദൂരയാത്ര ചെയ്തു മടങ്ങുന്നവര്‍ക്ക് ഒരു വിശ്രമകേന്ദ്രം കൂടിയാണ് ഈ പോലീസ് സ്‌റ്റേഷന്‍. സാമൂഹിക വിരുദ്ധരുടെ ആക്രമണങ്ങളില്‍ നിന്നു രക്ഷനേടി കുഞ്ഞുങ്ങളുമായി സ്വസ്ഥമായിരുന്നു വിശ്രമിക്കാനുള്ള ഇടമായി പോലീസ് സ്‌റ്റേഷന്‍ മാറും.
കുട്ടികള്‍ക്കു കളിക്കാനുള്ള ഇടമല്ലേ ഇവിടെയുള്ളൂ എന്നു വിചാരിക്കുന്നവരുടെ അറിവിലേക്ക് പറയാം. താരാട്ടുപാടി കുഞ്ഞിനെ തൊട്ടിലാട്ടാനും കുട്ടികളെ കളിക്കാന്‍വിട്ട് അമ്മമാര്‍ക്കു വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്. പ്രത്യേക മുറിയിലിരുന്നു കുഞ്ഞുങ്ങളെ മുലയൂട്ടാം. ലൈബ്രറി സൗകര്യവും പ്രയോജനപ്പെടുത്താം. ലൈബ്രറിയുടെ സജ്ജീകരണം അവസാനഘട്ടത്തിലാണ്.
അക്രമങ്ങളില്‍ നിന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്ന നിയമങ്ങളും വകുപ്പുകളും വിവരിക്കുന്ന പുസ്തകങ്ങള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയാണു ലൈബ്രറിയില്‍ സജ്ജീകരിക്കുന്നത്. ജുവനൈല്‍ ജസ്റ്റീസ് ആക്ട്, പോക്‌സോ, ഗാര്‍ഹിക പീഡന നിയമം തുടങ്ങിയ നിയമങ്ങള്‍ സംബന്ധിച്ച റഫറന്‍സ് പുസ്തകങ്ങള്‍ വായിക്കാനും സംശയം തീര്ക്കാനും സൗകര്യമുണ്ടാകും.
ആവശ്യമായ വിവരങ്ങളും ഇവിടെനിന്നു കുറിച്ചെടുക്കാം. ലഘുലേഖകള്‍ സൗജന്യമായി നല്‍കും. ഓരോ നിയമത്തിന്റെയും വകുപ്പുകള്‍, ഉപവകുപ്പുകള്‍, പരാതി നല്‍കേണ്ട വിധം, ആരെ സമീപിക്കണം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ഡിസ്‌പ്ലേ ബോര്‍ഡുകളുമുണ്ടാകും. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ വിവരങ്ങള്‍ നല്കാനും പദ്ധതിയുണ്ട്.
നിലവിലെ സ്‌റ്റേഷന്റെ മുന്‍ഭാഗത്തുതന്നെയാണു പുതിയ സംവിധാനമൊരുക്കിയിരിക്കുന്നത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കുട്ടികള്‍ക്കു കളിച്ചുനടക്കുവാന്‍ മാത്രമേ സൗകര്യമുള്ളോയെന്ന സംശയത്തിനും പ്രസക്തിയില്ല. കുട്ടികളുടെയും സ്ത്രീകളുടെയും പരാതി കേള്‍ക്കുവാനും പ്രത്യേക സൗകര്യമുണ്ടാകും.
വനിതാ ഓഫീസര്‍മാരാകും ഇവിടെ സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ കേള്‍ക്കുക. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിച്ചാകും എല്ലാ നടപടികളും. സംസ്ഥാനത്തെ അഞ്ച് പോലീസ് സ്‌റ്റേഷനുകളിലാണു സ്ത്രീ-ശിശു സൗഹൃദ സ്‌റ്റേഷനാക്കാനുള്ള നടപടി പുരോഗമിക്കുന്നത്. ശിശു-വനിതാ സൗഹൃദ പോലീസ് രാജ്യത്ത് പുത്തന്‍ അനുഭവമാകുമെന്ന് കൊച്ചി എസിപി കെ. ലാല്‍്ജി വ്യക്തമാക്കി.
കടവന്ത്ര പോലീസ് സ്‌റ്റേഷനിലെത്തുന്ന ഏതൊരാളുടെയും മനസിലുണ്ടാകുന്നത് ഒരു നവ്യാനുഭവമായിരിക്കുമെന്ന് എസ്‌ഐ എം.കെ. സജീവ് വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥരെ കണ്ടാല്‍ ആളുകള്‍ പേടിച്ചോടുന്ന കാലമൊക്കെ കഴിഞ്ഞു. ഇതു നമ്മുടെ സ്വന്തം പോലീസുകാരാണ്. എസ്‌ഐ എം.കെ. സജീവിന്റെ നേതൃത്വത്തില്‍ ഏഴ് വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കമാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നത്.
ചെറു പുഞ്ചിരിയോടെയാകും ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഏവരെയും സ്വാഗതം ചെയ്യുന്നത്. ഇതുതന്നെ സ്‌റ്റേഷനിലെത്തുന്നവരുടെ മനം കുളിര്‍പ്പിക്കും. പരാതി ലഭിച്ചാല്‍ എത്രയും വേഗം തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള സൗകര്യവും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പ്രതികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വിവരിച്ചു. രാത്രി, പകല്‍ ഭേദമന്യേ ഏതു സമയവും ഈ സൗകര്യം ലഭിക്കുമെന്നുള്ളതാണു മറ്റൊരു പ്രത്യേകത.
https://www.facebook.com/Malayalivartha