ഭൂമികുലുക്കത്തിലുണ്ടായ വിള്ളലിനുള്ളിലെ അത്ഭുതക്കാഴ്ച ,വീഡിയോ കാണൂ...
ന്യൂസിലന്‍ഡിലെ ആല്‍പൈന്‍ വിള്ളലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്ക് ഭൂകമ്പമുന്നറിയിപ്പ് നല്‍കുന്നതിന് പല തരത്തിലുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിള്ളലിനുള്ളിലെ ഭൗമചലനങ്ങള്‍ നിരീക്ഷിച്ച് രേഖപ്പെടുത്തുക എന്നതാണ് .
അത്തരത്തില്‍, വിള്ളലിലെ പാറകളുടെ ചലനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു വിക്ടോറിയ യൂണിവേഴ്‌സിറ്റി ഓഫ് വെല്ലിങ്ടണിലെ പ്രഫസര്‍ റുപ്പെര്‍ട്ട് സതര്‍ലാന്‍ഡും സംഘവും അടുത്തിടെ അവിടെ എത്തിയത്. പാറകളെപ്പറ്റിയുള്ള പഠനവും ലക്ഷ്യമായിരുന്നു.
എന്നാല്‍ വിള്ളലിലേക്ക് ഇറങ്ങിയ ഗവേഷകര്‍ അദ്ഭുതപ്പെട്ടു പോയി. വിള്ളലിനു താഴെയുള്ള ജലത്തിന് കൊടുംചൂട്. 'ജിയോ തെര്‍മല്‍ ആക്ടിവിറ്റി' എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷേ അതു സാധാരണ അഗ്‌നിപര്‍വതങ്ങള്‍ക്കു സമീപമേ സംഭവിക്കാറുള്ളൂ. ആല്‍പൈന്‍ വിള്ളലിന്റെ പരിസരത്തൊന്നും അഗ്‌നിപര്‍വതങ്ങളില്ല.
സാധാരണ ഭൂമിക്കടിയിലേക്ക് പോകും തോറും വെള്ളത്തിന്റെ ചൂടേറുന്നത് സ്വാഭാവികമാണ്. പക്ഷേ ആല്‍പൈനിലെ വെള്ളത്തിന്റെ താപനില പരിശോധിച്ചപ്പോള്‍ അത് 630 മീറ്റര്‍ താഴെയെത്തിയപ്പോള്‍ത്തന്നെ 100 ഡിഗ്രി സെല്‍ഷ്യസ് ആയെന്നു കണ്ടു. സാധാരണ ഭൂമിക്കടിയില്‍ ജലം ഇത്രയും താപനിലയിലെത്തണമെങ്കില്‍ മൂന്നു കിലോമീറ്ററെങ്കിലും അഗാധതയിലെത്തണമായിരുന്നു, ഇതാണ് ഗവേഷകരെയും അമ്പരപ്പിക്കുന്നത്.
ഈ ദ്വീപുരാഷ്ട്രത്തിന്റെ തെക്കുഭാഗം നിറഞ്ഞ് കിലോമീറ്ററുകളോളം നീളത്തിലാണ് ഈ വിള്ളലിന്റെ സ്ഥാനം. ഭൂകമ്പസാധ്യതാ മേഖലയാണിത്. പുരാതനകാലത്തുണ്ടായ വമ്പന്‍ ഭൂകമ്പങ്ങളുടെ ഫലമായുണ്ടായതാണ് ആല്‍പൈന്‍ വിള്ളലും. ശരാശരി 300 വര്‍ഷത്തെ ഇടവേളകളില്‍ ഇവിടെ വമ്പന്‍ ഭൂമികുലുക്കമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
അത്തരത്തിലൊരു ഭൂകമ്പം ഇതിനു മുന്‍പുണ്ടായത് 1717-ലാണ്. അതിനാല്‍ത്തന്നെ 2017-ഉം സമീപവര്‍ഷങ്ങളും ന്യൂസീലന്‍ഡില്‍ ഭൂകമ്പത്തിന്റെ കാര്യത്തില്‍ വമ്പന്‍ 'സാധ്യതാവര്‍ഷങ്ങള്‍' കൂടിയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം 2009-ല്‍ സംഭവിക്കുകയും ചെയ്തു.
എന്തൊക്കെയാണെങ്കിലും അപ്രതീക്ഷിതമായുണ്ടായ ഈ കണ്ടെത്തലില്‍ ഗവേഷകര്‍ സന്തോഷത്തിലാണ്. ഒന്നാമത്തെ കാരണം ഈ ചൂടേറിയ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നതു തന്നെ. ന്യൂസീലന്റില്‍ കല്‍ക്കരി വഴിയുള്ള വൈദ്യുതി ഉല്‍പാദനം കുറഞ്ഞു വരികയാണ്. നിലവില്‍ 15% വൈദ്യുതോല്‍പാദനം ജിയോ തെര്‍മല്‍ എനര്‍ജി വഴിയുമാണ്.
വടക്കുഭാഗത്തുള്ള ടവുപോ അഗ്‌നിപര്‍വത മേഖലയില്‍ നിന്നാണിതിലേറെയും. പക്ഷേ സുരക്ഷിതമായി ആല്‍പൈനിലെ താപനില എങ്ങനെ ഉപയോഗപ്പെടുത്തും എന്നതിനെപ്പറ്റി കൂടുതല്‍ ഗവേഷണം വേണ്ടി വരും. അങ്ങനെയെങ്കില്‍ വെള്ളം എടുത്താല്‍ത്തന്നെ അത് ഭൂകമ്പത്തിന് ഇടയാക്കുമോ എന്ന സാധ്യതയും തള്ളികളയാനാവില്ല.
https://www.facebook.com/Malayalivartha