കത്തുന്ന കരിക്കട്ടയിട്ട ഒരു കാപ്പി ആയാലോ...?അറിഞ്ഞോളൂ അങ്ങനെയും കാപ്പിയുണ്ടാക്കുന്നുണ്ട്!
ഒരു കട്ടന്‍ കുടിച്ചാണ് നമ്മില്‍ അധികം പേരും നമ്മുടെ ദിവസം തുടങ്ങുന്നത്. എന്നാല്‍ ആ കാപ്പിക്കപ്പിനുള്ളില്‍ ഒരു കരിക്കട്ട കണ്ടാലോ?കാപ്പി വിളമ്പിത്തന്ന ആളുടെ അന്നത്തെ ദിവസം ശരിയല്ല എന്നു കരുതിയാല്‍ മതി അല്ലേ?
എന്നാല്‍ ഇന്തോനേഷ്യയില്‍ വച്ച് കാപ്പി കുടിക്കുമ്പോഴാണ് ഇങ്ങനെ ഒരനുഭവമെങ്കില്‍, ഉടനെ കോപാക്രാന്തനാകേണ്ട! കാരണം കത്തിയെരിയുന്ന കല്‍ക്കരിയിട്ടും കാപ്പിയുണ്ടാക്കാം എന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഇന്തോനേഷ്യക്കാര്‍.
കോപി ജോസ് എന്നാണ് ഈ കാപ്പിയുടെ പേര്. 1960- കളില്‍ യോഗികാര്‍ട്ടയിലെ ഒരു ചായക്കടക്കാരനാണ് വ്യത്യസ്തമായ ഈ കാപ്പിയുമായി രംഗത്തെത്തിയത്.
ഒരിക്കല്‍ വയറിനു സുഖമില്ലാതിരുന്ന അവസ്ഥയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അദ്ദേഹം ഒരു കപ്പ് കാപ്പിയുണ്ടാക്കിയ ശേഷം അതില്‍ എരിയുന്ന കല്‍ക്കരിക്കട്ട എടുത്തിടുകയായിരുന്നു. എന്നിട്ട് അദ്ദേഹം കാപ്പി കുടിച്ചപ്പോള്‍ അദേഹത്തിന്റെ അസുഖം മാറി.
കരിക്കട്ട മനുഷ്യശരീരത്തില്‍ പ്രശ്‌നം ഒന്നുമുണ്ടാക്കില്ല എന്ന അറിവായിരുന്നു അദേഹത്തെ ഈ പരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചത്. അന്നുമുതല്‍ അദ്ദേഹം കാപ്പിയില്‍ ചാര്‍ക്കോള്‍ ഇട്ടു വില്ക്കാനാരംഭിക്കുകയായിരുന്നു.
തുടക്കത്തില്‍ ഈ കാപ്പി കുടിക്കാന്‍ ധൈര്യം കാണിച്ചത് ഇവിടെയുള്ള വിദ്യാര്‍ഥികളും സാധാരണക്കാരുമായിരുന്നു. ഇന്ന് ആ കട നടത്തുന്നത് അലക്‌സ് എന്നു പേരുള്ള ഒരാളാണ്.
ഇന്ന് കോപി ജോസ് കുടിക്കാന്‍ വിനോദസഞ്ചാരികളടക്കം നിരവധിയാളുകളാണ് ഇവിടെ വന്നു പോകുന്നത്. മറ്റ് കാപ്പികളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ നിര്‍മിക്കുന്ന കാപ്പിയില്‍ കഫീന്റെ അളവ് കുറവാണെന്നതും ഒരു പ്രത്യേകതയാണ്.
https://www.facebook.com/Malayalivartha