ഗതകാലസ്മരണ ഉണര്‍ത്തി ജോണിയുടെ കാളവണ്ടി
കാളവണ്ടിയുഗത്തോട് നാടും നഗരം എന്നേ വിടപറഞ്ഞു. കാളവണ്ടിക്കാലത്തിന്റെ അവശേഷിക്കുന്ന രണ്ടുമുഖങ്ങളാണ് ചൊവ്വന്നൂരിലെ അറങ്ങാശ്ശേരി ജോണി (62)യും കക്കാട് കോലാടി പ്രഭാകര(70)നും
കുന്നംകുളം നഗരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇവര്‍ ഇന്നും കാളവണ്ടിയില്‍ ചരക്കു കയറ്റുന്നതു കാണാം. കുന്നംകുളത്തിന്റെ കുതിപ്പും കിതപ്പും കണ്ടവരാണ് രണ്ടുപേരും.
മോട്ടോര്‍വാഹനത്തിന്റെ കടന്നുവരവിനുമുമ്പ് ചരക്കുകള്‍ കൊണ്ടുപോകാന്‍ പ്രതാപത്തോടെ അരങ്ങുവാണിരുന്നത് കാളവണ്ടികളാണ്. ജോണിയുടെ പിതാവ് തോമയുടെ കാലത്ത് നാല്‍പ്പതിലേറെ കാളവണ്ടികളും എണ്‍പതിലേറെ തൊഴിലാളികളും ഈ മേഖലയില്‍ ഉണ്ടായിരുന്നു
ജോണിയും കാളവണ്ടിയും 42 വര്‍ഷമായി കുന്നംകുളത്തെ പുസ്തക പേപ്പര്‍ വ്യാപാരമേഖലയില്‍ നിറസാന്നിധ്യമാണ്. പ്രഭാകരന്‍ 35 വര്‍ഷത്തിലേറെ കാളവണ്ടിയുമായി നഗരത്തിലുണ്ടായിരുന്നു. മൂന്നുമാസംമുമ്പ് കാള ചത്തതോടെ ജോണിയുടെ സഹായിയായി കൂടി.
15-ാംവയസ്സിലാണ് ജോണി സ്വതന്ത്രമായി കാളയും വണ്ടിയുമായി യാത്രതുടങ്ങിയത്. തൃശ്ശൂരിലേക്കായിരുന്നു കന്നിയാത്ര. പഴയകാലത്ത് കുന്നംകുളത്തുനിന്ന് വെളിച്ചെണ്ണയുമായി കോയമ്പത്തൂരിലേക്കും പാലക്കാട്ടേക്കും യാത്രചെയ്തതിന്റെ ഓര്‍മകളുമുണ്ട്. കോയമ്പത്തൂരില്‍ പോയിവരാന്‍ 15 ദിവസമെടുക്കുംജോണി പറയുന്നു.
തൃശ്ശൂരിലേക്ക് പേപ്പറും പുസ്തകവുമായാണ് യാത്ര. തിരിച്ചുവരുമ്പോള്‍ പുകയില, ചായപ്പൊടി, പടക്കം തുടങ്ങി എന്തെങ്കിലുമുണ്ടാകും. ഇപ്പോഴും കുന്നംകുളത്തെ പുസ്തകവ്യാപാരരംഗത്താണ് കാളവണ്ടിയുടെ പ്രധാനയോട്ടം.
ഈ കാളവണ്ടി സിനിമയിലും താരമായിട്ടുണ്ട്. മാറ്റൊലി, കുടമാറ്റം, പൊന്തന്‍മാട എന്നീ ചിത്രങ്ങളിലാണ് വെള്ളിത്തിരയിലെത്തിയത്. പുതിയ തലമുറയിലുള്ളവര്‍ വിവാഹ ആഘോഷത്തിന് കാളവണ്ടി അന്വേഷിച്ചെത്താറുണ്ട്. വധൂവരന്മാരെ രാജകീയമായി ആനയിക്കുന്നതിനാണ് കാളവണ്ടി. 25 വിവാഹങ്ങളില്‍ പങ്കെടുത്തു.
ദൂരസ്ഥലമാണെങ്കില്‍ ലോറിയിലാണ് യാത്ര. മോട്ടോര്‍വാഹനങ്ങള്‍ നിരത്ത് കൈയടക്കി മരണപ്പാച്ചില്‍ നടത്തുമ്പോള്‍ വേഗപ്പൂട്ടും ആര്‍.സി.യുമൊന്നും വേണ്ടാതെ ഇവര്‍ യാത്രതുടരുകയാണ്. ആരോടും പരിഭവമില്ലാതെ.
https://www.facebook.com/Malayalivartha