സുന്ദരനായ പെന്‍ഗ്വിന് ഒരു ഇണയെ വേണം; പ്രൊഫൈലുമായി വെബ്‌സൈറ്റ്!
ഏകാന്ത ജീവിതം നയിക്കുന്ന ഹംബോള്‍ട്ട് പെന്‍ഗ്വിന് ഒരു ഇണയെ വേണം. ഇംഗ്ലണ്ടിലെ ഒരു അക്വേറിയത്തിലാണ് അവനിപ്പോള്‍ ഏകാന്തവാസത്തിലുള്ളത്.
അതിനായി 'പ്ലെന്റി ഓഫ് ഫിഷ്' എന്ന വെബ്‌സൈറ്റില്‍ പെന്‍ഗ്വിന്റെ ബയോഡേറ്റ അടങ്ങിയ പ്രൊഫൈലും തയാറായി കഴിഞ്ഞു.
തനിക്ക് സ്വന്തമായി ഇണയെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് പെന്‍ഗ്വിന്‍ ഇത്തരമൊരു വഴി തേടിയത്. ഒരു വര്‍ഷം പ്രായമുള്ള അവിവാഹിതനായ ഹംബോള്‍ട്ട് പെന്‍ഗ്വിന്‍ ഇണയെ തേടുന്നു എന്നാണ് പ്രഫൈലിന്റെ തലക്കെട്ട്.
വേമൗത്ത് സീ ലൈഫ് അഡ്‌വെഞ്ചര്‍ പാര്‍ക്കില്‍ 13 പെന്‍ഗ്വിനുകളുമായാണ് ഹംബോള്‍ട്ട് പെന്‍ഗ്വിന്റെ താമസം.
ഒരു ഇണയെ ലഭിക്കത്തക്ക പ്രായമായോ തനിക്കെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് പ്രസക്തിയില്ലെന്നും പാര്‍ക്കിലെ ബ്രീഡിംഗ് പ്രോഗ്രാമിലൊക്കെ താനിപ്പോഴെ സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ താന്‍ ഇണയെ തേടാന്‍ തയാറായി കഴിഞ്ഞെന്നുമാണ് പെന്‍ഗ്വിന്‍ പ്രൊഫൈലില്‍ വ്യക്തമാക്കുന്നത്.
നിര്‍ഭാഗ്യവശാല്‍ കാട്ടില്‍ കഴിയുന്ന തന്റെ ബന്ധുക്കള്‍ക്ക് ഇപ്പോള്‍ നല്ല സമയമല്ല. ഏതാണ്ട് 10000 ജോഡികള്‍ മാത്രമാണ് ആണും പെണ്ണുമായി കാട്ടിലുള്ളതെന്നും ഹംബോള്‍ട്ട് പെന്‍ഗ്വിന്‍ പ്രൊഫൈലില്‍ കുറിക്കുന്നു.
സ്വഭാവം, പ്രായം, സൗന്ദര്യം, വ്യക്തിത്വം, ആഗ്രഹം, ഭാഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളെല്ലാം തന്റേതായ പ്രൊഫൈലില്‍ പെന്‍ഗ്വിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏതെങ്കിലും പെണ്‍ പെന്‍ഗ്വിനുകള്‍ക്ക് തന്നെ കാണാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇ-മെയിലിലൂടെ ബന്ധപ്പെടാനും പ്രൊഫൈലില്‍ പറയുന്നു. ഇമെയില്‍ info@sealifeweymouth.com.
ഹംബോള്‍ട്ട് പെന്‍ഗ്വിനെ കുറിച്ച് കൂടുതല്‍ അറിയാനും പ്രൊഫൈല്‍ കാണുന്നതിനും 'പ്ലെന്റി ഓഫ് ഫിഷ്'(പി ഒ എഫ്) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha