നീര്‍നായ്ക്കള്‍ സംഘമായ് ക്ഷേത്രക്കുളത്തില്‍; കുളിക്കാനെത്തുന്നവര്‍ ആശങ്കയില്‍
നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വമായി കാണുന്ന നീര്‍നായ്ക്കള്‍(lturinae, otter) ക്ഷേത്രക്കുളത്തില്‍ സൈ്വരവിഹാരം നടത്തുന്നത് നാട്ടുകാര്‍ക്ക് തലവേദനയായി മാറിയിരിക്കുന്നു. ഇവ തലങ്ങും വിലങ്ങും നീന്തിനടക്കുന്നത് കോട്ടയ്ക്കല്‍ വെങ്കിട്ടത്തേവര്‍ ക്ഷേത്രക്കുളത്തിലാണ്.
തൊട്ടടുത്ത ആറാട്ടുകുളത്തില്‍ ഇവ എത്തിയിട്ട് ഒരുകൊല്ലമായി.എവിടെനിന്നാണ് വന്നതെന്ന് ആര്‍ക്കുമറിയില്ല. തൊട്ടടുത്ത് പാടശേഖരങ്ങളും തോടും ഉള്ളതിനാല്‍ അതുവഴിയാവാമെന്ന് കരുതുന്നു. ആദ്യം രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ പെറ്റുപെരുകി പത്തിലധികമായി. പലതരത്തിലുള്ള ധാരാളം മീനുകളുണ്ടായിരുന്നതിനെയെല്ലാം തിന്നുതീര്‍ക്കുകയും ചെയ്തു.
അടുത്തിടെ ആറാട്ടുകുളം ചെളിയെടുക്കാന്‍ വറ്റിച്ചതോടെയാണ് ഇവ തൊട്ടടുത്ത വലിയ കുളത്തിലേക്ക് താമസം മാറ്റിയത്. ഇപ്പോള്‍ കുളത്തിലെല്ലായിടത്തും ഇവ നീന്തിനടക്കുന്നത് കുളിക്കാനെത്തുന്നവര്‍ക്ക് പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട്. വെള്ളത്തിലും കരയിലും ഒരുപോലെ കയറിയിങ്ങുന്ന ഇവയ്ക്ക് ആളുകളോടുള്ള ഭയവും കുറഞ്ഞിട്ടുണ്ട്.
വെരുകുവര്‍ഗത്തില്‍പ്പെട്ട നീര്‍നായ്ക്കള്‍ സസ്തനികളാണ്. ഏഷ്യയില്‍ വംശനാശഭീഷണി നേരിടുന്നതിനാല്‍ 1972-ലെ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിച്ചിട്ടുണ്ട്. നല്ല ഘ്രാണശേഷിയുള്ള ഇവയുടെ പ്രധാന ഭക്ഷണം മീന്‍, തവള, ഞണ്ട്, ഇഴവര്‍ഗങ്ങള്‍ എന്നിവയാണ്. സംഘജീവിതം ഇഷ്ടപ്പെടുന്ന ഇവയ്ക്ക് ഒരുസമയം ഒരു ഇണമാത്രമേ ഉണ്ടാവൂ. രണ്ട് മാസമാണ് ഗര്‍ഭകാലം. തലമുതല്‍ വാലറ്റംവരെ 1.3 മീറ്റര്‍വരെ നീളം ഉണ്ടാവാം. 15 കിലോവരെ ഭാരവുംവരും.
വെങ്കിട്ടത്തേവര്‍ ശിവക്ഷേത്രക്കുളത്തിലെ നീര്‍നായ്ക്കള്‍ക്ക് മുഴുത്ത കീരികളുടെ വലിപ്പമാണുള്ളത്. ഇവ കൂടുതല്‍കാലം തുടര്‍ന്നാല്‍ മീനുകള്‍ മുഴുവന്‍ ഇല്ലാതാകുമെന്നും കുളിക്കാനെത്തുന്നവര്‍ക്ക് ഉപദ്രവമുണ്ടാകുമെന്നും ഭയക്കുന്നുണ്ട്. വനം വകുപ്പധികൃതര്‍ എന്തെങ്കിലും പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
https://www.facebook.com/Malayalivartha