ജൂവി ഫിലിപ്പൈന്‍സില്‍ നിന്നെത്തി മലയാളത്തിന്റെ മരുമകളായി
നിലവിളക്കും നിറപറയും കതിര് മണ്ഡപവും സാക്ഷിയാക്കി ഫിലിപ്പൈന്‍സുകാരി ജൂവി മലയാളത്തിന്റെ മരുമകളായി. തിരൂര്‍ പുല്ലൂരിലുള്ള ഓഡിറ്റോറിയത്തില്‍ ഫിലിപ്പൈന്‍സ് പെണ്‍കൊടിക്കു വരനായത് കന്മനം സ്വദേശി കണ്ട്റാം പള്ളി പ്രജീഷാണ്.
കേട്ടറിവു മാത്രമുള്ള കേരളത്തിലെത്തി മലയാളിപ്പെണ്ണായി മാറി ജൂവി. അപൂര്‍വമായ ഈ വിവാഹത്തിനു പ്രജീഷിന്റെ വീട്ടുകാരും നാട്ടുകാരും സാക്ഷികളായി.
വിവാഹത്തിന് ജൂവിയുടെ വീട്ടുകാര്‍ തടസമൊന്നും നിന്നില്ലെങ്കിലും ആര്‍ക്കും പങ്കെടുക്കാനായില്ല. താലികെട്ടും പുടവ കൈമാറ്റവും സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തലും കൗതുകത്തോടെ ആസ്വദിച്ചാണു ജൂവി വധുവായിമാറിയത്. തൂശനിലയിലെ കേരളീയ വിഭവങ്ങളും ആവോളം ആസ്വദിച്ചു.
ജൂവിയും പ്രജീഷും മസ്കറ്റിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് പരിചയപ്പെട്ടത്. ആ പരിചയപ്പെടലാണു പ്രണയമായി വളര്‍ന്നു വിവാഹത്തില്‍ സഫലമായത്.
നാലു ദിവസം മുമ്പാണ് ജൂവി തിരൂരിലെത്തിയത്. അടുത്താഴ്ച ഇരുവരും മസ്കറ്റിലേക്ക് മടങ്ങും.
https://www.facebook.com/Malayalivartha