മൈനസ് 20 ഡിഗ്രിയില്‍ 62 ലിറ്റര്‍ മുലപ്പാലുമായി 150 കിലോമീറ്റര്‍; പോലീസ് വഴിയൊരുക്കിയത് രണ്ടു മണിക്കൂര്‍ ; അജ്മീരില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കിട്ടി
'ട്രാഫിക്' എന്ന മലയാള സിനിമയില്‍ ഗതാഗതക്കുരുക്കുകളുള്ള കേരളത്തില്‍ അവയവദാനത്തിനുള്ള അവയവവുമായി പോകുന്ന വാനിന്റെ അതിവേഗയാത്ര പ്രേക്ഷകര്‍ നെഞ്ചിടിപ്പോടെ കണ്ടിരുന്നതാണ്. പിന്നീട് പലതവണ ഇത്തരം യാത്രകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇപ്പോഴിതാ രാജസ്ഥാനിലെ അജ്മീറില്‍ നിന്നും ഇതിനോട് സമാനമായ ഒരു വാര്‍ത്ത.
എന്നാല്‍, ഇക്കുറി യാത്ര അവയവവുമായല്ല, പകരം ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന കുഞ്ഞുങ്ങള്‍ക്കുള്ള മുലപ്പാലുമായിട്ടായിരുന്നെന്നു മാത്രം. ഭില്‍വാര ജില്ലയില്‍നിന്നു സംഭരിച്ച മുലപ്പാല്‍ 150 കിലോമീറ്റര്‍ അകലെയുള്ള അജ്മീര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്രയും വേഗം എത്തിക്കുകയെന്നതായിരുന്നു വെല്ലുവിളി.
ജില്ലാ ഭരണകൂടങ്ങളും പോലീസും ഒത്തുചേര്‍ന്നപ്പോള്‍ ദൗത്യം വിജയരമായി പൂര്‍ത്തിയാക്കി. രണ്ടു മണിക്കൂറിനുള്ളില്‍ 150 കിലോമീറ്റര്‍ പിന്നിട്ട് 62 ലിറ്റര്‍ പാലുമായി വാഹനം ഭില്‍വാരയില്‍നിന്ന് അജ്മീറിലെത്തി. ബുധനാഴ്ചയായിരുന്നു ദൗത്യം. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ പ്രത്യേക സംവിധാനമൊരുക്കിയാണു പാല്‍ സൂക്ഷിച്ചിരുന്നത്.
ഇത് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുകയെന്നത് കനത്ത വെല്ലുവിളിയായിരുന്നെന്ന് ഭില്‍വാര അഡീഷണല്‍ കലക്ടര്‍ ആനന്ദിലാല്‍ വെഷ്ണവ് പറഞ്ഞു. പാലുമായുള്ള യാത്രയില്‍ തടസങ്ങളൊഴിവാക്കാന്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വാഹനം കടന്നുപോകുന്ന സമയം റോഡുകളില്‍ മറ്റു വാഹനങ്ങളെ തടഞ്ഞു.
ഇതിനൊപ്പം പോലീസ് എസ്‌കോര്‍ട്ട് വാഹനവും പാല്‍ വാഹനത്തിനൊപ്പം സഞ്ചരിച്ചതോടെ തടസങ്ങള്‍ നീങ്ങി. ഭില്‍വാര ജില്ലയിലെ മുലയൂട്ടുന്ന അമ്മമാരാണു ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്കായി പാല്‍ നല്‍കിയത്. ശിശുമരണനിരക്ക് ഏറ്റവും കൂടുതലുള്ളത് അജ്മീറിലാണ്.
മേഖലയില്‍ ഏറ്റവും കൂടുതല്‍ നവജാത ശിശുക്കള്‍ ചികിത്സയില്‍കഴിയുന്നത് ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ എന്‍.ഐ.സി.യുവിലാണ്. രാജസ്ഥാനില്‍ 11 സ്ഥലങ്ങളില്‍ മുലപ്പാല്‍ ശേഖരിക്കാനുള്ള മില്‍ക്ക് ബാങ്കുകളുണ്ടെങ്കിലും അജ്മീറില്‍ ഈ സേവനം ലഭ്യമല്ല. അതാണ് മറ്റിടങ്ങളില്‍നിന്നു കുഞ്ഞുങ്ങള്‍ക്കു മുലപ്പാലെത്തിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
ഈ നടപടിയിലൂടെ അജ്മീറിലെ ശിശുമരണനിരക്ക് 16 മുതല്‍ 22% വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണത്തോടെ കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍ എത്തിക്കുന്നത്. രാജസ്ഥാനില്‍ മുലപ്പാല്‍ ശേഖരിക്കാനായി 11 മില്‍ക്ക് ബാങ്കുകളാണുള്ളത്. 3,500 അമ്മമാര്‍ മില്‍ക്ക് ബാങ്കുമായി സഹകരിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha