ഈ സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് കാണിച്ച് ആരേയും സങ്കടപ്പെടുത്തരുത്!
സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ലോകത്ത് ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തുന്ന രാജ്യങ്ങളില്‍ ഒന്നാണിത്. ഇവിടത്തെ മനോഹരമായ ഒരു പ്രദേശമാണ് ബെര്‍ഗണ്‍.
ഇനിമുതല്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇവിടെനിന്നുള്ള മനോഹര ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്താനാവില്ല. കാരണം പ്രാദേശിക ഭരണകൂടം ഈ പ്രദേശത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്.
ഇതിനുള്ള കാരണമാണ് വിചിത്രം. ഈ സ്ഥലത്തിന്റെ മനോഹരമായ ചിത്രങ്ങളെടുത്ത് ആളുകള്‍ ഇന്റര്‍നെറ്റില്‍ പങ്കുവയ്ക്കുമ്പോള്‍ അതു കണ്ടിട്ട് ഇവിടെ വരാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍, ഇത്രയും മനോഹരമായ സ്ഥലത്ത് വരാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെടാതിരിക്കാനാണ് ഫോട്ടോ എടുപ്പ് നിരോധിച്ചിരിക്കുന്നതത്രേ!
നേരിട്ടു സന്ദര്‍ശിക്കാന്‍ കഴിയാത്ത സ്ഥലങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണുമ്പോള്‍ ആളുകള്‍ക്ക് സങ്കടമുണ്ടാകുമെന്ന പഠനറിപ്പോര്‍ട്ടുകളാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇവിടത്തെ മുന്‍സിപ്പല്‍ കൗണ്‍സില്‍ പറയുന്നു. അനധികൃതമായി ഫോട്ടോ എടുക്കുന്നവര്‍ പിഴയടയ്‌ക്കേണ്ടി വരും. എന്നാല്‍, അധികൃതരുടെ ഈ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
ഈ തീരുമാനം മണ്ടത്തരമാണെന്നും ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറയുമെന്നും പറയുന്നവരുണ്ട്. ബെര്‍ഗണ്‍ ഉത്തരകൊറിയയിലേക്ക് മാറ്റണമെന്നു വരെ ചിലര്‍ അഭിപ്രായപ്പെട്ടു കളഞ്ഞു!
https://www.facebook.com/Malayalivartha