സ്‌കൂളിലെ ആ പൂര്‍വ്വവിദ്യാര്‍ത്ഥിനികള്‍ മൂവരും 100 വയസ്സ് പിന്നിട്ടവരാണ്; സ്കൂള്‍ മാത്രമല്ല, കുടുംബവും അവരുടേത് ഒന്നാണ്; സഹോദരിമാരാണ് അവര്‍!
കാന്റണ്‍ സൗത്ത് സ്‌കൂള്‍ ഹസ്സല്‍, ഐറിന്‍, റൂത്ത് എന്നീ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചത് കഴിഞ്ഞ ദിവസം രാത്രിയിലാണ്. സ്‌കൂളിന്റെ ആദ്യ കെട്ടിടത്തില്‍ പഠിച്ചിറങ്ങിയവര്‍ എന്ന നിലയിലാണ് അവരെ ആദരിക്കാന്‍ തീരുമാനിച്ചത്. ആ കെട്ടിടത്തില്‍ വച്ചു നടത്തിയ ക്ലാസ്സിലുണ്ടായിരുന്നവരെ എല്ലാം വിളിക്കാതെ അവരെ മാത്രം വിളിച്ച് ആദരിച്ചതെന്ത് എന്നൊരു ചോദ്യം പെട്ടെന്ന് മനസ്സിലുയരും. ആ കെട്ടിടത്തിലെ ആദ്യക്ലാസ്സിലിരുന്ന് പഠിച്ചവരില്‍ അവര്‍ മാത്രമേ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നുള്ളൂ എന്നതാണ് അതിലെ കൗതുകം.
84 വര്‍ഷത്തിന് ശേഷം ഹസ്സല്‍ ജറാല്‍ എന്ന ആ പൂര്‍വ്വവിദ്യാത്ഥിനി അവിടെ തിരിച്ചെത്തിയപ്പോള്‍ അവര്‍ക്ക് വയസ്സ് 104 ആയിട്ടുണ്ട്. അന്ന് ഒപ്പം പഠിച്ചിരുന്നവരില്‍ ആര്‍ക്കും അത്രയും ആയുര്‍ദൈര്‍ഘ്യം ഉണ്ടായിരുന്നില്ല എന്നതിനാലാണ് ക്ലാസ്സ് മേറ്റ്സ് ഒന്നും ഒപ്പം ഇല്ലാതെ പോയത്. എന്നാല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തടിച്ചു കൂടിയ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റൊരു കൗതുകം കൂടി കാണാന്‍ അവസരം ലഭിച്ചു.
കാന്റണ്‍ സൗത്ത് സ്‌കൂളിലെ ആദ്യ ബാച്ചിലാണ് ഹസ്സല്‍ പഠിച്ചത്. പിന്നാലെ സഹോദരിമാരുമുണ്ടായിരുന്നു. ഇന്നലെയും 104 വയസ്സുള്ള ഹസ്സലിനൊടൊപ്പം 102 വയസ്സുള്ള ഐറിന്‍, 100 വയസ്സുള്ള റൂത്ത് എന്നീ സഹോദരിമാരും ഉണ്ടായിരുന്നു. 1933-35 കാലത്താണ് മൂന്നു പേരും സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയത്. സ്‌കൂളിന്റെ ആദ്യ കെട്ടിടത്തില്‍ പഠിച്ചിറങ്ങിയ അത്ഭുത സഹോദരിമാരോടുള്ള ആദരമായി പ്രത്യേക സ്‌കൂള്‍ കെട്ടിടവും പണിയാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
കഴിഞ്ഞ ദിവസം രാത്രിയാണ് അധികൃതര്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തടിച്ചു കൂടിയ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തില്‍ തലയെടുപ്പോടെ മുത്തശ്ശിമാര്‍ ഇരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നാണ് സെഞ്ച്വറി സഹോദരിമാരുടെ വാക്കുകള്‍. ലോകത്ത് ആദ്യമായാകും ഒരു സ്‌കൂളിന് ഇങ്ങനെയൊരു അപൂര്‍വ്വ ചടങ്ങ് നടത്താനായിട്ടുണ്ടാവുക എന്ന് സ്‌കൂള്‍ അധികൃതരും പറഞ്ഞു.
https://www.facebook.com/Malayalivartha