തീര്‍ത്ഥാടന സഹായത്തിന് കാര്‍ലോസ് റെഡി; പ്രതിഫലം രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍!
നമ്മുടെ നാട്ടില്‍ വഴിപാടുകള്‍ നേര്‍ന്നയാള്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ മറ്റൊരാളുടെ കൈവശം കൊടുത്തുവിടാറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ നടത്തേണ്ട തീര്‍ത്ഥാടനയാത്ര നടത്താന്‍ പകരക്കാരനാവുന്നത് ഒരു തൊഴിലായി സ്വീകരിച്ചാല്‍ എങ്ങനെയുണ്ടാവും?പോര്‍ച്ചുഗല്‍ സ്വദേശിയായ കാര്‍ലോസ് ഗില്‍ ആണ് ഈ വാടക വഴിപാടുകാരന്‍.
പോര്‍ച്ചുഗലിലെ ഫാത്തിമ പള്ളിയിലേയ്ക്ക് കാല്‍നടയായി എത്തിക്കൊള്ളാം എന്നു നേര്‍ന്നിട്ടുള്ളവര്‍ക്ക് 'പ്രോക്‌സി' ആയി പോകുന്നതാണ് ഇദ്ദേഹത്തിന്റെ സേവനം. അസുഖം കാരണമോ മടി കാരണമോ നിങ്ങള്‍ ആ നേര്‍ച്ച മാറ്റി വച്ചിട്ടുണ്ടെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ ഇയാള്‍ നിങ്ങള്‍ക്കു പകരം അവിടെ വരെ 'നടന്നിട്ടുവരും'! രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍ പ്രതിഫലമായി കൊടുക്കണമെന്ന് മാത്രം. എന്നാലെന്താ നേര്‍ച്ച നടന്നില്ലേ?
ഫാത്തിമ മാത പള്ളിയില്‍ മാത്രമേ കാര്‍ലോസിന്റെ സേവനങ്ങള്‍ ലഭ്യമാകുകയുള്ളൂ.പതിനാറു വര്‍ഷമായി ഈ തീര്‍ത്ഥാടന സഹായത്തിന്റെ പാതയിലാണ് കാര്‍ലോസ്.നാനൂറോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നിലനിന്നിരുന്ന ഒരു കീഴ്‌വഴക്കം തുടരുകയാണ് താന്‍ എന്നാണ് കാര്‍ ലോസിന്റെ വാദം.കത്തോലിക്കാ പള്ളിയുടെ എതിര്‍പ്പ് കാരണമാണ് ഇത്തരത്തിലുള്ള പകരം പോക്ക് അന്ന് നിന്ന് പോയതത്രേ.
ലാഭത്തിനു വേണ്ടിയല്ല താന്‍ ഈ തൊഴില്‍ ചെയ്യുന്നതെന്നാണ് കാര്‍ലോസ് പറയുന്നത്.പ്രതിഫലമായി കിട്ടുന്ന തുക യാത്രാ ചിലവിനു മാത്രമേ തികയുന്നുള്ളൂവത്രേ. കാര്‍ലോസിന്റെ വീട് സ്ഥിതി ചെയ്യുന്ന കന്‍സാസില്‍ നിന്നും നൂറു മൈലാണ് കാല്‍ നടയായി ഫാത്തിമയിലേയ്ക്കുള്ള ദൂരം.ആറുദിവസം അങ്ങോട്ടും ആറുദിവസം ഇങ്ങോട്ടും.
പ്രധാന വഴികള്‍ വിട്ടാണ് യാത്ര. രാത്രിയില്‍ വഴിയില്‍ കാണുന്നവീടുകളില്‍ തങ്ങും..ഇനിയിപ്പോള്‍ പള്ളിയില്‍ പ്രത്യേകം കൊന്ത ചൊല്ലണമെങ്കില്‍ പ്രത്യേകം കാശ് കൊടുക്കണം.മുട്ടില്‍ ഇഴയുന്ന നേര്‍ച്ചയാണ് എങ്കില്‍ ചാര്‍ജ് കുറച്ച് കൂടുതലാണ്.എന്നാലും നേര്‍ച്ച നടക്കുമല്ലോ.വര്‍ഷത്തില്‍ മൂന്നോ നാലോ നേര്‍ച്ച യാത്രകള്‍ കാര്‍ലോസിനു വരാറുണ്ടത്രേ.
നടന്നു പോകുന്ന സ്ഥലങ്ങളിലെ സ്റ്റാമ്പുകള്‍ ശേഖരിയ്ക്കാറുണ്ട് കാര്‍ലോസ്. മടങ്ങുന്ന വഴിയില്‍ അവിടെ നിന്ന് നേര്‍ച്ച നേര്‍ന്നയാള്‍ക്ക് കാര്‍ഡുകള്‍ അയയ്ക്കും. എല്ലാത്തിനും ഒരു തെളിവ് വേണ്ടേ എന്ന് കാര്‍ലോസ്. കാര്‍ലോസിന്റെ ഈ നേര്‍ച്ച ബിസിനസിനെതിരെ സഭ ഉള്‍പ്പെടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.എന്നാല്‍ നേര്‍ച്ച നേര്‍ന്നിട്ട് നടത്താന്‍ പറ്റാത്തവരുടെ വിഷമം തനിയ്ക്ക് മനസ്സിലാകും എന്നും താന്‍ ഇത് തുടരുമെന്നുമാണ് കാര്‍ലോസ് പറയുന്നത്.
https://www.facebook.com/Malayalivartha