മനുഷ്യരോടുള്ള പക തീര്‍ക്കാന്‍ ഉപയോഗിച്ചത് ഒരു പാവം കഴുതയെ! കടുവകള്‍ക്കു മുന്നിലേക്ക് എറിഞ്ഞത് ജീവനോടെ... മൃഗശാലാ അധികൃതരുടെ ക്രൂരത (വീഡിയോ)
കിഴക്കന്‍ ചൈനയിലെ ഷാങ്‌സൂ മൃഗശാലാ അധികൃതരുടെ മനസ്സാക്ഷിക്കു നിരക്കാത്ത നടപടിയില്‍ വ്യാപകപ്രതിഷേധം ഉയരുന്നു. വിശന്നു വലഞ്ഞിരിക്കുന്ന നാലു കടുവകള്‍ക്കു മുന്നിലേക്ക് ജീവനോടെ ഒരു കഴുതയെ എറിഞ്ഞു കൊടുക്കുകയാണുണ്ടായത്. നൂറു കണക്കിനു സന്ദര്‍ശകര്‍ നോക്കി നില്‍ക്കേയായിരുന്നു ക്രൂരമായ ഈ പ്രവര്‍ത്തി.
ഷാങ്‌സൂ മൃഗശാലയിലെ ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാണ് പാവം കഴുതയുടെ ജീവനെടുത്തത്. സംഭവത്തില്‍ പിന്നീട് മൃഗശാല അധികൃതര്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൃഗശാലയിലെ വസ്തുക്കളൊന്നും തന്നെ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് കോടതി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പു വിലക്കിയിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് കോടതി മൃഗശാലയുടെ വസ്തുക്കളുടെ കൈമാറ്റം മരവിപ്പിച്ചത്.
ഇതോടെ മൃഗശാലയിലെ ജീവികള്‍ ഉള്‍പ്പെടെ ഒന്നിനെയും വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായി. തര്‍ക്കത്തെ തുടര്‍ന്ന് കോടതിയെ സമീപച്ചവരോടുള്ള പ്രതികാരമായാണ് മറ്റൊരു സംഘം ഇവിടെയെത്തി മൃഗങ്ങള്‍ക്കെതിരെ അതിക്രമം നടത്തിയത്.
കഴുതയെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നത് ജീവനക്കാര്‍ കോടതി ഉത്തരവു ചൂണ്ടിക്കാട്ടി തടഞ്ഞു. ഇതോടെ ട്രക്കില്‍ കൊണ്ടുപോയ കഴുതയെ കടുവക്കൂട്ടിലേക്കു തള്ളുകയായിരുന്നു. കടുവകളെ പാര്‍പ്പിച്ചിരിക്കുന്നതിനു സമീപമുള്ള കിടങ്ങിലേക്കാണ് ജീവനക്കാര്‍ കഴുതയെ വലിച്ചെറിഞ്ഞത്. പേടിച്ചരണ്ട കഴുത നീന്തി രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും കടുവയുടെ കൈപിടിയിലമര്‍ന്നു.
രണ്ടു കടുവകള്‍ ചേര്‍ന്നാണ് കഴുതയെ ആക്രമിച്ചത്. കഴുത്തിലും തലയ്ക്കും കടിയേറ്റ കഴുത വൈകാതെ ചത്തു. എന്നാല്‍ ഇതിനെ കടുവകള്‍ ഭക്ഷണമാക്കിയില്ല. കഴുതയ്‌ക്കൊപ്പം ഒരു ആടിനെയും തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും ഇത് ജീവനക്കാര്‍ തടഞ്ഞു. നേരത്തെ രണ്ട് ജിറാഫുകളും ഒരു ചിംപാന്‍സിയും ഇതേ മൃഗശാലാ അധികൃതരുടെ ശ്രദ്ധക്കുറവു മൂലം മരണപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha