കാട്ടില്‍ പോകാം...കൂട്ടില്‍ പോകാം...ഈ കടുവയെ കണ്ടാല്‍ ചിരിക്കുമോ...?
ന്യൂജെന്‍ കുട്ടികള്‍ക്കറിയാമോ എന്നറിയില്ല. പണ്ടത്തെ കുട്ടികള്‍ക്കിടയിലുള്ള ഒരു സമയംകൊല്ലിക്കളി ആയിരുന്നു കാട്ടില്‍ പോക്കും കൂട്ടില്‍ പോക്കും. കാട്ടില്‍ പോകാം...കൂട്ടില്‍ പോകാം.. കള്ളനെ കണ്ടാല്‍ പേടിക്കുമോ എന്നു ചോദിച്ചുകൊണ്ട് സുഹൃത്തിന്റെ കണ്ണിലേയ്ക്ക് ശക്തിയായി ഊതുമ്പോള്‍ കണ്ണടച്ചാല്‍ സുഹൃത്ത് കള്ളനെ കണ്ടാല്‍ പേടിയ്ക്കും എന്നര്‍ത്ഥം.
അത്തരം കഥകളും കളികളുമെല്ലാം ഇപ്പോള്‍ ട്രോളന്‍മാരുടെ കൈവശാവകാശത്തിലാണല്ലോ.അവരുടെ തമാശകള്‍ ഒരു ആഗോള പ്രതിഭാസം തന്നെയാണ്. അവര്‍ ട്രോളി ട്രോളി ഇന്തോനേഷ്യന്‍ സൈന്യത്തിന് അവരുണ്ടാക്കിയ ഒരു കടുവാപ്രതിമ തന്നെ തകര്‍ക്കേണ്ടിവന്ന കഥയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തകര്‍ക്കുന്നത്.
സംഗതി ബഹു കോമഡിയാണ്. ഇന്തോനേഷ്യയിലെ സിലിവാങ്കി മിലിറ്ററി കമാന്റിന്റെ ലോഗോ ആരെയും ഭയപ്പെടുത്തുന്ന അലറുന്ന കടുവത്തലയാണ്.പക്ഷേ വെസ്റ്റ് ജാവയിലെ ഗരുള്‍ ഗ്രാമത്തില്‍ സിലിവാങ്കി കമാന്റിനെ സൂചിപ്പിക്കാന്‍ വച്ച കടുവയെ കണ്ടാല്‍ ചിരിച്ചുപോകും. പശുവിനെപ്പോലൊരു കടുവയും മുഖത്തൊരു വിഡ്ഢിച്ചിരിയും.
വര്‍ഷങ്ങള്‍ക്കു മുന്‍പേ സ്ഥാപിച്ച പ്രതിമ, അടുത്തിടെ ആരോ ചിരി സഹിക്കാന്‍ വയ്യാതെ സമൂഹ മാധ്യമങ്ങളില്‍ ഇട്ടതോടെയാണ് പുറം ലോകമറിഞ്ഞത്. ചിരിച്ചവര്‍, ചിരിച്ചവര്‍ ഷെയര്‍ ചെയ്തതോടെ ഒന്നുമറിയാതെ ഇളിച്ചുനിന്ന കടുവ വൈറലായി. ട്രോളുകളും മെമെകളും മഴയായി പെയ്തിറങ്ങി.
അസാധ്യ ഹ്യൂമര്‍ സെന്‍സ് ഉള്ള ആരോ ലൈഫ് ഓഫ് പൈ സിനിമയുടെ പോസ്റ്ററിലെ കടുവയ്ക്കു പകരം ഇളിയന്‍ കടുവയെ വച്ച് ഗംഭീര മെമെ ഇറക്കി. ഒരുപാടു കാര്‍ട്ടൂണുകളിലും ഞൊടിയിടയില്‍ കടുവ കഥാപാത്രമായി. ജംഗിള്‍ബുക്കിലെ മൗഗ്ലിക്കൊപ്പം ഷേര്‍ഖാനായും നമ്മുടെ കടുവ ഇടം പിടിച്ചു. നാടുമുഴുവന്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ പട്ടാളമിളകി. മരത്തില്‍ തീര്‍ത്ത കടുവയുടെ പ്രതിമ തകര്‍ത്തെറിഞ്ഞു.
സിലിവാങ്കി മിലിട്ടറി കമാന്‍ഡര്‍ ഹരീന്ദ്ര, ബിബിസിയോട് പറഞ്ഞത് അത് വര്‍ഷങ്ങളായുള്ള പ്രതിമയാണെന്നാണ്. 'എങ്ങനെ പ്രതിമയുണ്ടാക്കണമെന്ന് ഓരോ യൂണിറ്റിനും തീരുമാനിക്കാം. എന്നാല്‍ എല്ലാ കലാകാരന്‍മാരും കേമന്‍മാരായിക്കൊള്ളണമെന്നില്ലല്ലോ'. കടുവയെ തകര്‍ത്തെറിഞ്ഞതോടെ കളിയാക്കിയവര്‍ക്കെല്ലാം സങ്കടമായി.
പിന്നെ ആര്‍ഐപി പറയുകയായിരുന്നു സോഷ്യല്‍ മീഡിയ. കടുവ സ്വര്‍ഗത്തില്‍ പോയെന്നാണ് പലരും പ്രതികരിച്ചത്. എന്തിനാണ് കടുവാ പ്രതിമയെ തകര്‍ത്തത്, പാര്‍ക്കില്‍ വച്ചാല്‍ കുട്ടികള്‍ക്കു കളിക്കാമായിരുന്നല്ലോ എന്നായി ചിലര്‍. ശരിയാ കുറച്ചു കുട്ടികള്‍ക്കുകൂടി ചിരിക്കാമായിരുന്നു..!
https://www.facebook.com/Malayalivartha