കാല്‍നട യാത്രക്കാര്‍ക്ക് ദുബൈയില്‍ ഇനി സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം; സ്മാര്‍ട് ലൈറ്റ് സിഗ്‌നലുകള്‍ വരുന്നു
വഴിയാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കാനും വാഹനഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് ദുബൈയില്‍ സ്മാര്‍ട് ലൈറ്റ് സിഗ്‌നലുകള്‍ വരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച പെഡസ്ട്രിയന്‍ സിഗ്‌നലുകള്‍ വിജയമായതോടെ കൂടുതല്‍ മേഖലകളില്‍ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ആര്‍ടിഎ. പച്ചലൈറ്റ് തെളിയുമ്പോള്‍ കാല്‍നട യാത്രികര്‍ റോഡിനു കുറുകെ കടക്കുകയും ചുവപ്പ് ലൈറ്റ് ആകുമ്പോള്‍ കടക്കാതിരിക്കുകയും ചെയ്യുന്ന നിലവിലുള്ള രീതി കുറേക്കൂടി കാര്യക്ഷമമാക്കാന്‍ പുതിയ സംവിധാനം സഹായിക്കും.
അല്‍ സാദാ സ്ട്രീറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സിഗ്‌നല്‍ സംവിധാനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ മൈതാ ബിന്‍ ആദായി പറഞ്ഞു. അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്നത് തടയാന്‍ പുതിയ സിഗ്‌നലിങ് സംവിധാനം സഹായകമാകുമെന്നാണ് കരുതുന്നത്.
നിശ്ചിത ഇടവേളകളില്‍ ചുവപ്പ്, പച്ച ലൈറ്റുകള്‍ തെളിയുന്ന സംവിധാനമാണു പരിഷ്‌കരിക്കുക. നിലവില്‍, യാത്രികര്‍ ഇല്ലെങ്കിലും ചുവപ്പുലൈറ്റ് തെളിയുകയും വാഹനങ്ങള്‍ നിര്‍ത്തേണ്ടിവരികയും ചെയ്യുന്നു. സ്മാര്‍ട് ലൈറ്റ് സിഗ്‌നല്‍ സംവിധാനത്തില്‍ യാത്രികരാരും ഇല്ലെങ്കില്‍ ചുവപ്പു ലൈറ്റ് തെളിയില്ല.
യാത്രികരുണ്ടെങ്കില്‍ സെന്‍സറുകള്‍ അതു കണ്ടെത്തുകയും ചുവപ്പു ലൈറ്റ് തെളിയുകയും ചെയ്യും. സ്മാര്‍ട് സെന്‍സറുകളുള്ള നൂതന സംവിധാനം വരുന്നതോടെ സീബ്രാ ക്രോസിങ്ങിനു മുന്‍പായി നടപ്പാതയിലും ചുവപ്പ്, പച്ച സിഗ്‌നല്‍ ലൈന്‍ തെളിയും. ചുവപ്പ് സിഗ്‌നലാണോ പച്ചയാണോ എന്നറിയാല്‍ നിലവിലുള്ളതു പോലെ സിഗ്‌നല്‍ ലൈറ്റിലേക്കു നോക്കേണ്ടതില്ല. ഇതു കൂടുതല്‍ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്തുമെന്നാണു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha