ഇരുന്നൂറിലേറെ കാറുകളുള്ള വ്യത്യസ്തനാം ഒരു ബാര്‍ബര്‍!
ഒരു റോള്‍സ് റോയ്‌സ് ഗോസ്റ്റ്, പതിനൊന്ന് മെഴ്‌സിഡസ് ബെന്‍സ്, പത്ത് ബി.എം.ഡബ്ല്യു, മൂന്ന് ഔഡി, രണ്ട് ജാഗ്വര്‍.. ഇങ്ങനെ നീളുകയാണ് ബെംഗളൂരുവിലെ ബാര്‍ബര്‍ രമേഷ് ബാബുവിന്റെ കാറുകളുടെ എണ്ണം. ബെംഗളൂരുവിലെ ഇന്നര്‍ സ്‌പേസ് എന്ന ട്രെന്‍ഡ് സലൂണിന്റെയും രമേഷ് ടൂര്‍ ആന്‍ഡ് ട്രാവല്‍സിന്റെയും ഉടമയായ രമേഷ് ബാബുവിന്റെ വിജയകഥ ആരെയും വിസമയിപ്പിക്കും.
രമേഷ് ഏറ്റവും ഒടുവില്‍ വാങ്ങിയ കാര്‍ മെഴ്‌സിഡസ് ബെന്‍സ് മെബാക്ക് എസ് 600. ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് 3.2 കോടി രൂപ വിലവരും. ഇരുന്നൂറിലധികം വാഹനങ്ങളുള്ള രമേശ് ട്രാവല്‍സിന്റെ കാര്‍ പോര്‍ച്ചിലുണ്ട് 2011-ല്‍ സ്വന്തമാക്കിയ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ബി.എം.ഡബ്ല്യു. 7 സീരീസ്, ബെന്‍സ് എ ക്ലാസ് തുടങ്ങിയ അത്യാഡംബര വാഹനങ്ങള്‍. ബെംഗളൂരുവിലെത്തുന്ന സിനിമാ താരങ്ങളും ശതകോടീശ്വരന്മാരുമെല്ലാം രമേഷിന്റെ കാറുകള്‍ തേടിയെത്താറുണ്ട്.
പട്ടിണിയുടെ പടുകുഴിയില്‍ നിന്ന് അതിസമ്പന്നതയിലേക്കു പിടിച്ചുകയറിയ രമേഷിന്റെ കഥ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ബാര്‍ബറായിരുന്ന അച്ഛന്‍ 1979-ല്‍ മരിക്കുമ്പോള്‍ രമേശിന് പ്രായം ഏഴ്. ബാര്‍ബര്‍ഷോപ്പ് വാടകയ്ക്ക് കൊടുത്തും പല വീടുകളില്‍ ജോലിചെയ്തുമാണ് രമേഷടക്കം മൂന്നു കുട്ടികളെ അമ്മ വളര്‍ത്തിയത്. ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞപ്പോള്‍ രമേശ് കുലത്തൊഴില്‍ ഏറ്റെടുത്തു. ബാര്‍ബര്‍ ഷോപ്പ് നടത്തുന്നതിനോടൊപ്പം പത്രവിതരണം, ഫ്‌ലാറ്റുകളില്‍ പാലും പച്ചക്കറികളുമെത്തിക്കുന്ന ജോലി എന്നിവയും രമേഷ് ചെയ്തുവന്നു.
1991-ല്‍ ബ്രിഗേഡ് റോഡിലെ ബാര്‍ബര്‍ ഷോപ്പ് ഇന്നര്‍ സ്‌പേസ് എന്ന പേരില്‍ ട്രെന്‍ഡ് സലൂണായി വികസിപ്പിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ നഗരത്തിലെ തിരക്കുള്ള ബാര്‍ബര്‍ ഷോപ്പായി മാറി രമേശിന്റെ കട. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വരൂപിച്ച പണവുമായി രമേഷ് ഒരു മാരുതി ഓമ്‌നി വാങ്ങി. മാസം 6400 രൂപ നല്‍കി സ്വകാര്യ ബാങ്ക് വായ്പയിലായിരുന്നു അത്. നഗരത്തിലെ ഒരു കമ്പനിക്ക് ഇത് വാടകയ്ക്ക് ഓടാന്‍ നല്‍കി. അവിടെനിന്നാണ് രമേഷിന്റെ ജീവിതം മാറിമറിഞ്ഞത്.
2004-ല്‍ ആറു കാറുകള്‍ കൂടി രമേഷ് സ്വന്തമാക്കി വാടകയ്ക്ക് നല്‍കി. നഗരത്തില്‍ എത്തുന്ന അതിസമ്പന്നരുടെ ആവശ്യങ്ങള്‍ക്കായി ആഡംബരക്കാറുകള്‍ സ്വന്തമാക്കിത്തുടങ്ങിയതോടെയാണ് രമേഷ് കോടീശ്വരനായി മാറിയത്. 2011-ല്‍ മൂന്നു കോടി രൂപയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി. കാറുകളുടെ എണ്ണം ഇരുന്നൂറിലെത്തുമ്പോഴും മൂന്നു കോടി രൂപയുടെ വിലയുള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റില്‍ സഞ്ചരിക്കുമ്പോഴും രമേഷ് ബാബു വന്നവഴി മറക്കുന്നില്ല.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായി, രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാക്കള്‍ തുടങ്ങി നിരവധിപേരാണ് രമേഷിന്റെ കാറിന്റെ ആവശ്യക്കാര്‍. ബ്രിഗേഡ് റോഡിലെ ഇന്നര്‍ സ്‌പേസില്‍ ഒരു മുടിവെട്ടുകാരനായി രമേഷ് ബാബു ഇവിടെയുണ്ടാകും. കട്ടിങ്ങിന് 150 രൂപ മാത്രം. രാവിലെ എട്ടുമുതല്‍ പത്തുവരെ സലൂണിലുണ്ടാകും. നാലുവരെ റെന്റല്‍ കാര്‍ ഓഫീസില്‍, അഞ്ചു മുതല്‍ഏഴുവരെ വീണ്ടും സലൂണില്‍ മുടിവെട്ടു ജോലിയില്‍. കഴിവുതെളിയിച്ചപ്പോള്‍ കിട്ടിയ വലിയ സൗഹൃദങ്ങളാണ് രമേഷിന്റെ ജീവിതം മാറ്റിയത്.
കാര്‍ റെന്റല്‍ ബിസിനസ് വിപുലമായപ്പോള്‍ മുന്തിയ ഇനം കാറുകളും സ്വന്തമാക്കി. റൊക്കം കാശും ബാങ്ക് ലോണുമൊക്കെ രമേഷിന്റെ വഴികളാണ്. ചില കാറുകള്‍ ഡ്രൈവുചെയ്യുന്നതിന്റെ ത്രില്ലും രമേഷ് പങ്കുവെയ്ക്കുന്നു. എന്റെ കഠിനാധ്വാനത്തിനൊപ്പം ദൈവം കൂട്ടുനിന്നു, എന്നു മാത്രമാണ് ഈ നേട്ടങ്ങളെക്കുറിച്ചുള്ള രമേഷിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha