ഈഫല്‍ ടവറിനേക്കാള്‍ ഉയരത്തില്‍ കുതിച്ച് പായാന്‍ ഇന്ത്യന്‍ ട്രെയിനുകള്‍
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാലം ഇന്ത്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ജമ്മു കശ്മീരിലെ ചെനബ് നദിക്കു കുറുകെയാണ് ഈ പാലം നിര്‍മ്മിക്കുന്നത്. കണക്കു പ്രകാരം ഈഫല്‍ ടവറിനെക്കാള്‍ 35 മീറ്റര്‍ കൂടി അധികമുണ്ടാകും. രണ്ടു വര്‍ഷത്തിനാകും പാലം പണി പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.
നിലവില്‍ ഏറ്റവും ഉയരമുള്ള പാലം ചൈനയിലാണുള്ളത്. 275 മീറ്റര്‍ ഉയരത്തിലാണുള്ളത്. എന്നാല്‍ ഇന്ത്യയില്‍ 359 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. കശ്മീരിലെ റീസി ജില്ലയില്‍ കത്രബനിഹാള്‍ റൂട്ടിലുള്ള റെയില്‍വെ പാലമായാണിത് എത്തുക. പാലത്തിന്റെ തൂണുകളുടെ അടക്കം പണി അവസാനഘട്ടത്തിലാണ്. 66 ശതമാനം ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു.
1.3 കി.മീ നീളമുള്ള പാലത്തിന് 1,250 കോടി രൂപയാണ് നിര്‍മാണ ചിലവ്. 1,300 ഓളം തൊഴിലാളികളും 300-ഓളം എന്‍ജിനീയര്‍മാരുമാണ് 2019-ല്‍ പാലം പണി പൂര്‍ത്തിയാക്കാനായി ജോലി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കൊങ്കണ്‍ റെയില്‍വെ ചീഫ് എന്‍ജിനീയര്‍ ആര്‍.കെ. സിങ് പറഞ്ഞു. ഈ പാലം വരുന്നതോടെ 111 കിലോ മീറ്റര്‍ ദൂരമുള്ള യാത്രാ ദുരിതം കുറയുമെന്നാണ് കരുതുന്നത്.
100 കി.മീ വേഗതയുള്ള കാറ്റ് അടിക്കാന്‍ സാധ്യതയുള്ള പ്രദേശമായതിനാല്‍ പാലം മറ്റൊരിടത്തേക്ക് മാറ്റി നിര്‍മിക്കുന്നതിനെക്കുറിച്ച് റെയില്‍വെയുടെ സാങ്കേതിക വിദഗ്ധര്‍ നേരത്തേ ആലോചിച്ചിരുന്നു. എങ്കിലും പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനത്തിന്റെ സഹായത്തോടെ കാറ്റിന്റെ ഗതിയും വേഗതയും തിരിച്ചറിയാന്‍ സാധിക്കുമെന്നതിനാലാണത്.
ഉദ്ദംപൂര്‍-ശ്രീനഗര്‍ ബാരാമുള്ള തീവണ്ടി പാതയുടെ ഭാഗമായാണ് ഇത് നിര്‍മ്മിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന് 120 വര്‍ഷം നിലനില്‍ക്കാനാവുമെന്നും 260 കി.മീവേഗതയുള്ള കാറ്റിനെപോലും അതിജീവിക്കാനുള്ള ശേഷിയുണ്ടെന്നും റെയില്‍വെ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha