ബസപകടത്തിനിടെ കൈവിട്ടുപോയ കൈക്കുഞ്ഞിനെ തിരികെക്കിട്ടി, 12 മണിക്കൂറിനു ശേഷം !
ഇന്നലെ പുലര്‍ച്ചെ പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഹാജിറ ബീഗ (23) ത്തിനു കൈവിട്ടുപോയത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയാണ്. പെരുമ്പാവൂരിലെ തൊഴിലാളിയായ ഭര്‍ത്താവ് ഇമ്രാന്‍ ഹുസൈനെ തേടി ഹാജിറ ബീഗം മകനുമൊത്തു വരികയായിരുന്നു.
പെരുമ്പാവൂരിലേക്ക് കെഎസ്ആര്‍ടിസി ബസിലുള്ള യാത്രക്കിടെയാണു മറ്റൊരു ബസുമായി കൂട്ടിയിടിച്ചത്. ഹാജിറ ബീഗത്തെ പിപി റോഡിലെ ആശുപത്രിയിലും കുഞ്ഞിനെ എഎം റോഡിലെ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചത്. ബസില്‍ ഒരു യാത്രക്കാരന്റെ മടിയിലേക്കു തെറിച്ചുവീണ നിലയിലാണു കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
പ്രഥമ ശുശ്രൂഷ കഴിഞ്ഞപ്പോള്‍ ഇയാള്‍ കുഞ്ഞിനെ അറിയില്ലെന്നു വ്യക്തമാക്കി. ഹാജിറയെ ഇതിനിടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. അപകടശേഷം ഇവര്‍ അബോധാവസ്ഥയില്‍ ആയിരുന്നതിനാല്‍ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആരും അറിഞ്ഞുമില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലാണു ഹാജിറയുടെ കുഞ്ഞാണെന്നു വ്യക്തമായത്.
'ഭര്‍ത്താവിനെത്തേടി അസമില്‍നിന്നു പെരുമ്പാവൂരിലെത്തിയ യുവതിക്കു ബസപകടത്തില്‍ കൈക്കുഞ്ഞിനെയും നഷ്ടമായി' ഇങ്ങനെയൊരു തലക്കെട്ടില്‍ ദുഃഖവാര്‍ത്ത ഇന്നു വായിക്കേണ്ടിവരുമായിരുന്നു. എന്നാല്‍, ഒരു പറ്റം മനുഷ്യസ്‌നേഹികളുടെ സമയോചിതമായ ഇടപെടലില്‍ വാര്‍ത്ത മാറി: 'ബസപകടത്തില്‍ കൈവിട്ടുപോയ കൈക്കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ അസം സ്വദേശിനിക്കു തിരികെക്കിട്ടി
https://www.facebook.com/Malayalivartha