തിരികെ കൈവന്ന സ്‌നേഹം
ഏഴുമാസം മുന്‍പു നഷ്ടപ്പെട്ടെന്നു കരുതിയ സഹോദരിയെ കിട്ടിയതിന്റെ ആഹ്ലാദമായിരുന്നു കൊല്ലം അഗതി മന്ദിരത്തില്‍ കണ്ണിരായി തുടങ്ങി ആനന്ദമായി മാറിയത്. സൈറയെ കണ്ടപ്പോള്‍ ഒരു അദ്ഭുതം സംഭവിച്ചതുപോലെ സഫീനയുടെ കണ്ണു വിടര്‍ന്നു. പിന്നെ കെട്ടിപ്പിടിച്ച് ഒരു തേങ്ങലോടെ ആ തോളിലേക്കു തലചായ്ച്ചു. അനിയത്തിയെ മുറുകെപ്പിടിച്ച സൈറയുടെയും മിഴി നിറഞ്ഞു.
അഗതി മന്ദിരത്തില്‍ കഴിയുന്ന വര്‍ക്കല കുറയ്ക്കണ്ണി വാറുവിള വീട്ടില്‍ സഫീന (20) യെക്കുറിച്ചു ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ മുന്‍ ഡയറക്ടര്‍ അനില്‍ മുഹമ്മദിന്റെ വാട്ട്‌സ് ആപ് പോസ്റ്റ് ആണ് വീണ്ടും വീടിന്റെ സുരക്ഷിതത്വത്തിലേക്കു മടങ്ങാന്‍ വഴിതെളിച്ചത്.
ഒരു പ്രമുഖ പത്രം അഗതി മന്ദിരത്തിലെ അന്തേവാസികളുടെ ദുരിത ജീവിതം വാര്‍ത്തയാക്കിയതിനെ തുടര്‍ന്നു സഹായവുമായി അനില്‍ മുഹമ്മദ് അഗതി മന്ദിരത്തില്‍ എത്തിയപ്പോഴാണു സഫീനയെ കണ്ടുമുട്ടിയത്. വര്‍ക്കല സ്വദേശിയാണെന്ന് സഫീന പറഞ്ഞു.
യുവതിയുടെ വീട്ടുകാരെ കണ്ടെത്താന്‍ സഹായിക്കണമെന്നു കാണിച്ച് ചിത്രം സഹിതമാണ് അനില്‍ മുഹമ്മദ് വാട്ട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്തത്. ഗള്‍ഫിലുള്ളവര്‍ അവിടെയുള്ള 'വര്‍ക്കല ഫെയ്‌സ് ബുക്ക്' കൂട്ടായ്മയ്ക്ക് അതു കൈമാറി. ഈ കൂട്ടായ്മയിലെ ഒരാള്‍ സൈറയുടെ മകന്‍, ഡല്‍ഹിയിലുള്ള ജസീറിന്റെ നമ്പര്‍ അനില്‍ മുഹമ്മദിനു നല്‍കിയതോടെയാണു വീട്ടുകാരെ കണ്ടെത്താന്‍ കഴിഞ്ഞത്.
മാതാപിതാക്കള്‍ നഷ്ടമാവുകയും ഭര്‍ത്താവ് വിട്ടുപോവുകയും ചെയ്ത സഫീന മാതൃസഹോദരിയുടെ മകളായ സൈറയോടൊപ്പമാണു കഴിഞ്ഞിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടമാക്കിയ സഫീന കഴിഞ്ഞ ഡിസംബര്‍ എട്ടിനു ബന്ധുവിന്റെ വീട്ടില്‍ പോകുന്നെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതാണ്.
ബന്ധുക്കളും വര്‍ക്കല പൊലീസും ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വഴി തെറ്റി അലഞ്ഞ സഫീനയെ കൊല്ലം പൊലീസ് ആണ് ആറുമാസം മുന്‍പ് അഗതിമന്ദിരത്തില്‍ എത്തിച്ചത്. വര്‍ക്കല പൊലീസുമായാണ് സൈറയും മാതൃസഹോദരന്‍ നസറുദീനും എത്തിയത്. ആ പുനഃസമാഗമത്തിന് അനില്‍ മുഹമ്മദിനു പുറമെ സിദ്ദിഖ് മംഗലശേരി, നിസാര്‍ എന്നിവരും സാക്ഷിയായി.
https://www.facebook.com/Malayalivartha