പുള്ളിപ്പുലിയുടെ ഇരയെ മരത്തില്‍ കയറി കൈവശത്താക്കിയ സിംഹിണിയുടെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു
പുള്ളിപ്പുലികള്‍ ഇര പിടിച്ചാല്‍ ആദ്യം ചെയ്യുന്നത് അതിനെയും കൊണ്ട് ഏതെങ്കിലുമൊരു മരത്തില്‍ കയറുകയാണ്. പിടിച്ച ഇരയെ ആരും അടിച്ചോണ്ടു പോകാതിരിക്കാനും സ്വസ്ഥമായിരുന്ന് ഭക്ഷണം കഴിക്കാനുമുള്ള അവയുടെ സൈക്കോളജിക്കല്‍ മൂവാണത്. മരത്തിന്റെ ഏതെങ്കിലും ഒരു ചില്ലയില്‍ പിടിച്ച ഇരയെ വച്ച് ആരുടേയും ശല്യമില്ലാതിരുന്ന് കഴിക്കാനാണിവ ഇങ്ങനെ ചെയ്യുന്നത്.
എന്നാല്‍ ആ പുള്ളിപ്പുലിക്കു പോലും ഇപ്പോള്‍ രക്ഷയില്ലെന്നായിരിക്കുകയാണ്. കഷ്ടപ്പെട്ടു പിടിച്ചു മരത്തിനു മുകളില്‍ കഴിക്കാനായി വച്ച ഇരയെ വരെ മരത്തില്‍ കയറിയെടുക്കാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യാനാകും? മറ്റാരുമല്ല, ഒരു പെണ്‍സിംഹമാണ് മരത്തില്‍ കയറി പുള്ളിപ്പുലിയുടെ ഭക്ഷണം കൈക്കലാക്കിയത്.
സൗത്ത് ആഫ്രിക്കയിലെ ലണ്ടലോസി ഗെയിം റിസര്‍വിലെത്തിയ വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെത്തിയ വിനോദ സഞ്ചാരികളും ഒപ്പമുണ്ടായിരുന്ന റേഞ്ചര്‍ എമി ആറ്റ്ന്‍ബര്‍ഗും കുറച്ചു നേരമായി നിരീക്ഷിക്കുകയായിരുന്ന പുള്ളിപ്പുലിയുടെയും കൂടെയുണ്ടായിരുന്ന കുഞ്ഞിന്റെയും നീക്കങ്ങള്‍. പുള്ളിപ്പുലിയും കുഞ്ഞും മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോഴായിരുന്നു രണ്ടു സിംഹങ്ങളുടെ കടന്നുവരവ്.
ഇവിടെ സിംഹങ്ങളും പുല്ലിപ്പുലികളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. നിരവധി പുള്ളിപ്പുലികള്‍ക്ക് സിംഹങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ സിംഹങ്ങളെ കണ്ടതും പുള്ളിപ്പുലിക്കുഞ്ഞ് മരത്തിലേക്കോടിക്കയറിയതും ഒന്നിച്ചായിരുന്നു. മരത്തില്‍കയറി രക്ഷപെടാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ അങ്ങനെ വിടാന്‍ സിംഹം ഒരുക്കമല്ലായിരുന്നു. പുള്ളിപ്പുലിക്കു പിന്നാലെ ആയാസപ്പെട്ടാണെങ്കിലും സിംഹവും മരത്തിലേക്കു വലിഞ്ഞു കയറി.
അപ്പോഴാണ് പുള്ളിപ്പുലി പിടിച്ചുവച്ചിരുന്ന ഇരയായ ഇംമ്പാല സിംഹിണിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അതോടെ സിംഹം അതു ഭക്ഷിക്കുന്ന തിരക്കിലായി. മരത്തിന്റെ മുകളിലെ ചില്ലകളിലേക്ക് കയറി പുള്ളിപ്പുലിയും രക്ഷപെട്ടു. പിന്നാലെയെത്തിയ സിംഹിണിയും ഇരയെ പങ്കിട്ടു കഴിച്ചതോടെ രംഗം ശാന്തമായി. ഏതായാലും രണ്ടു കൂട്ടര്‍ക്കും പരിക്കൊന്നും പറ്റാത്തതിനാലും ഈ അപൂര്‍വ രംഗം കാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിനോദ സഞ്ചാരികളുടെ സംഘം.
https://www.facebook.com/Malayalivartha