അമ്പത് വര്‍ഷമായി ചെല്ലപ്പന്‍ പാലത്തിനടിയിലുണ്ട്!
കിള്ളിയാറിനു കുറുകെ പഴകുറ്റിയില്‍ നിര്‍മിച്ച പാലത്തിനടിയിലെ കല്ലുകെട്ടില്‍ കീറിയ ഫ്‌ളക്‌സുകള്‍ കുത്തിമറച്ച് കഴിഞ്ഞുകൂടുന്നു; ഇത് പാലത്തിന്റടിയില്‍ ചെല്ലപ്പന്‍. വയസ്സ് എഴുപത് കഴിഞ്ഞു. തലചായ്ക്കാനിടമില്ലാഞ്ഞിട്ടും ആരോടും പരിഭവങ്ങളില്ലാതെ കഴിഞ്ഞ അന്‍പത് വര്‍ഷമായി ചെല്ലപ്പന്‍ ഇവിടെ കഴിയുന്നു.
കണ്ണൊന്നുതെറ്റിയാല്‍ കല്ലുകെട്ടില്‍ നിന്നു താഴെപ്പോകും. തന്റെ വാസസ്ഥാനത്തേക്കു കയറാന്‍ ചെല്ലപ്പന്‍ തന്നെ സ്വന്തമായി തടിക്കഷണങ്ങള്‍ ്‌കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു പാലവുമുണ്ട്. മഴപെയ്താല്‍ ചെല്ലപ്പന്റെ താമസസ്ഥലത്ത് വെള്ളം കയറും. പാലത്തില്‍കൂടി വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ പാലത്തിന്റെ അസ്തിവാരം മാത്രമല്ല, ചെല്ലപ്പന്റെ ഉള്ളും പിടയും.
മഴക്കാലമായാല്‍ ചായ്പിനുള്ളില്‍ കിടക്കാനാവില്ല. അപ്പോള്‍ കടത്തിണ്ണകളെ ആശ്രയിക്കണം. പല മഴക്കാലങ്ങളിലും ചെല്ലപ്പന്റെ കുടില്‍ വെള്ളത്തില്‍ ഒലിച്ചുപോയിട്ടുണ്ട്.
കിള്ളിയാറ്റിലേക്കു വലിച്ചെറിയുന്ന മാലിന്യം തിന്നാനെത്തുന്ന തെരുവുനായ്ക്കളാണ് ചെല്ലപ്പന്റെ ശത്രുക്കള്‍.എഴുപതുകഴിഞ്ഞെങ്കിലും പറ്റുന്ന കൂലിപ്പണിയെടുത്താണ് ചെല്ലപ്പന്‍ അന്നത്തിനു വക കണ്ടെത്തുന്നത്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല. ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ ആധാര്‍ വേണം. ആധാറെടുക്കാന്‍ ചെല്ലപ്പനും മണിക്കൂറുകള്‍ വെയിലത്ത് ക്യൂ നിന്നു. ഒടുവില്‍ ഓഫീസറുടെ അടുത്തെത്തി പേരും വിലാസവും പറഞ്ഞു 'പാലത്തിന്റടിയില്‍ ചെല്ലപ്പന്‍'. മേല്‍വിലാസം കേട്ടതും ഉദ്യോഗസ്ഥര്‍ ചെല്ലപ്പനെ കളിയാക്കി ഇറക്കിവിട്ടു. പിന്നീട് അങ്ങോട്ടു തിരിഞ്ഞുനോക്കാന്‍ മനസ്സുവന്നില്ലന്ന് ചെല്ലപ്പന്‍ പറയുന്നു.
അവിവാഹിതനായ ചെല്ലപ്പന് ഇനി 'സ്വന്ത'മെന്നു പറയാന്‍ ആകെയുള്ളത് ഈ പാലം മാത്രമാണ്. യാനോസിന്റെയും മേരിയുെടയും പത്തു മക്കളില്‍ പത്താമനാണ് ചെല്ലപ്പന്‍.കൂട്ടത്തില്‍ ഇനി ശേഷിക്കുന്ന ഒരേയൊരാളും ചെല്ലപ്പന്‍ തന്നെ. ഒന്‍്പതാമത്തെ സഹോദരി നേശമ്മ ഇക്കഴിഞ്ഞ കൊല്ലമാണ് വേങ്കവിളയ്ക്കു സമീപം വാഹനാപകടത്തില്‍ ്മരിച്ചത്. 'ഒരുപാടു മന്ത്രിമാര്‍ എന്റെ തലയ്ക്കുമുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്നുണ്ട്. പക്ഷേ, അവരാരും എന്റെ ദുരിതം മാത്രം കാണുന്നില്ല....' ചെല്ലപ്പന്‍ പറയുന്നു. വലിയ പാലങ്ങളും ഡാമുകളും പണിയുമ്പോള്‍ ഏതെങ്കിലുമൊരാളെ പാലത്തിനടിയില്‍ തള്ളി ബലികൊടുക്കണമെന്നൊരു വിശ്വാസമുണ്ടായിരുന്നു പണ്ട്. എന്നാലിവിടെ പാലം ഒരാള്‍ക്ക് തണലും താവളവുമാവുന്ന കാഴ്ചയാണു നമ്മള്‍ കാണുന്നത്.
https://www.facebook.com/Malayalivartha