ആയിരത്തോളം കപ്പല്‍ഛേദങ്ങള്‍ക്കു സാക്ഷിയായ മാഗ്‌ദെലിന്‍ ദ്വീപുകള്‍
വിമാനങ്ങളും കപ്പലുകളും 'താനേ' അപ്രത്യക്ഷമാകുന്ന ബര്‍മുഡ ട്രയാംഗിളിന്റെ കഥ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. അതു പോലെ ദുരൂഹതകള്‍ ചുഴിയിട്ടു ചുറ്റുന്ന മറ്റൊരു സ്ഥലം കൂടി ഭൂമിയിലുണ്ട് ; മാഗ്‌ദെലിന്‍ ദ്വീപുകള്‍. അധികമാര്‍ക്കും പരിചിതമല്ലാത്ത ആ സ്ഥലപ്പേരു നാവികരുടെ ദുസ്വപ്‌നമാണ്. ആ രഹസ്യമറിയും മുന്‍പ് ഈകഥ കേള്‍ക്കണം.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്താണിതു സംഭവിക്കുന്നത്. കാനഡയ്ക്കു സമീപം ക്യുബെക്കില്‍ നിന്നു മരത്തടികളുമായി ഒരു കപ്പല്‍ ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടു. ഇതേസമയം ഒരുപാടുദൂരെ അയര്‍ലന്‍ഡില്‍ നിന്നു 'മിറക്കിള്‍' എന്നു പേരുള്ള മറ്റൊരു കപ്പല്‍ കാനഡയിലേക്കും പുറപ്പെട്ടു . പുതിയൊരു ജീവിതം സ്വപ്നം കണ്ടു യാത്ര തിരിച്ച ഒരുപറ്റം അഭയാര്‍ഥികളായിരുന്നു അതില്‍. ഗാസ്‌പേ തുറമുഖത്തു നിന്നു പെറിയിലേക്കുള്ള വേറൊരു കപ്പലും ഇതേ സമയം യാത്ര തിരിച്ചിരുന്നു. പരസ്പരം ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത മൂന്നു കപ്പലുകള്‍, വ്യത്യസ്തമായ യാത്രാപഥം. പക്ഷേ, ദിവസങ്ങളുടെ വ്യത്യാസത്തില്‍ മൂന്നു കപ്പലുകളും ഒരേ സ്ഥലത്തു തന്നെ തകര്‍ന്നു! കാനഡയ്ക്കു സമീപത്തെ മാഗ്‌ദെലിന്‍ ദ്വീപുകളുടെ അരികില്‍!
18,19 നൂറ്റാണ്ടുകള്‍ക്കിടയില്‍ മാഗ്‌ദെലിനു സമീപത്തു കടലില്‍ മുങ്ങിയത് ആയിരത്തോളം കപ്പലുകളാണ്. സെന്റ് ലോറന്‍സ് ഉള്‍ക്കടലിന് ഒത്തനടുവില്‍ ചൂണ്ടയുടെ ആകൃതിയില്‍ ഒരു ദ്വീപസമൂഹം ഉണ്ടെന്നതു തന്നെ വളരെ കാലത്തോളം പലര്‍ക്കും അജ്ഞാതമായിരുന്നു. ഇതിലൂടെ കടന്നു പോവുക ദുഷ്‌കരം. എപ്പോള്‍ വേണമെങ്കിലും മാറാവുന്ന പ്രവചനാതീതമായ കാലാവസ്ഥ. ശാന്തമായ കടല്‍ തൊട്ടടുത്ത നിമിഷം രൗദ്രഭാവം കൈക്കൊള്ളാം. ദ്വീപസമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും കപ്പലുകള്‍ക്കു വെല്ലുവിളിയായിരുന്നു. ശീത കാലമായാല്‍ മാഗ്‌ദെലിന്‍ പൂര്‍ണമായും ഒറ്റപ്പെടും.
ദ്വീപിനു ചുറ്റുമുള്ള വെള്ളം ഐസാവും. വന്‍കരയിലേക്കും തിരിച്ചുമുള്ള യാത്ര സ്തംഭിക്കും. 19-ാം നൂറ്റാണ്ടിന്റെ തുടക്കംവരെ വന്‍കരയുമായി വാര്‍ത്താവിനിമയം പോലും അസാധ്യമായിരുന്നു. അതിനാല്‍ ഇവിടെ നടക്കുന്ന പല അപകടങ്ങളും പുറം ലോകം അറിയുക വളരെ വൈകിയാണ്. ചിലപ്പോള്‍ അറിഞ്ഞേയില്ലെന്നും വരാം.
കപ്പലുകള്‍ തകര്‍ന്നടിയുമ്പോള്‍ അതില്‍ നിന്നു രക്ഷപ്പെട്ടവരുണ്ടോ? ഉണ്ട്. ഒന്നല്ല, ആയിരത്തോളം പേര്‍. മാഗ്‌ദെലിന്‍ ദ്വീപില്‍ ഇപ്പോഴുള്ള പതിമൂവായിരത്തോളം വരുന്ന ജനസംഖ്യയില്‍ 90 ശതമാനവും കപ്പല്‍ദുരന്തവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണ്. കപ്പല്‍ ദുരന്തങ്ങളില്‍ നിന്നു രക്ഷപ്പെട്ടവരോ അവരുടെ മക്കളോ പേരക്കുട്ടികളോ ആണ് മാഗ്‌ദെലിനോനിലെ ഓരോ പൗരനും. അതു മാത്രമല്ല കൗതുകം. തകര്‍ന്നടിയുന്ന കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് ഇവിടെയുള്ള മിക്ക വീടുകളും കടകളും നിര്‍മിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha