ഒരു വവ്വാല്‍ കൂടി സുവര്‍ണജീവികളുടെ ഗണത്തിലേക്ക്
തെക്കേയമേരിക്കയില്‍ കാണപ്പെടുന്ന 'മയോറ്റിസ് സിമുസ്' എന്ന വവ്വാല്‍ വര്‍ഗത്തിലാണ് ഇതുവരെ സുവര്‍ണവവ്വാലുകളെയും ഉള്‍പെടുത്തിയിരുന്നത്. എന്നാല്‍, ഈ ജീവികള്‍ 'മയോറ്റിസ് മിഡസ്റ്റാക്ടസ്' എന്ന പുതിയ സ്പീഷീസിലാണ് പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
ബ്രസീലിയന്‍ വന്യജീവി ഗവേഷകനായ റിക്കാര്‍ഡോ മൊറാട്ടെല്ലിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ്, സുവര്‍ണവവ്വാല്‍ പുതിയ ഇനമാണെന്ന് കണ്ടെത്തിയത്. മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള സ്‌പെസിമനുകള്‍ പരിശോധിച്ചായിരുന്നു പഠനം.
ഈ വവ്വാലിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ സുര്‍വണനിറം തന്നെയാണ്. എലിച്ചെവിയുള്ള വവ്വാലുകളുടെ കുടുംബമായ 'മയോറ്റിസി'ലാണ് ഇതുള്‍പ്പെടുന്നത്. ലോകത്താകമാനം ഈ കുടുംബത്തില്‍പെട്ട നൂറോളം ഇനം വവ്വാലുകളെ കണ്ടെത്തിയിട്ടുണ്ട്.
ബൊളീവിയയിലെ സാവന്ന മേഖലയിലാണ് സുവര്‍ണവവ്വാലുകള്‍ ജീവിക്കുന്നത്. ചെറുപ്രാണികളെ തിന്ന് ജീവിക്കുന്ന ഇവ, പകല്‍നേരത്ത് മാളങ്ങളിലും മരങ്ങളുടെ പൊത്തുകളിലും മേല്‍ക്കൂരകള്‍ക്ക് കീഴിലും കഴിയുന്നു.
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ 'ഒസ്‌വാല്‍ഡോ ക്രൂസ് ഫൗണ്ടേഷനി'ലെ ഡോ.മൊറാട്ടെല്ലിക്കൊപ്പം, വാഷിങ്ടണില്‍ സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിട്ട്യൂഷനിലെ ഡോ.ഡോണ്‍ വില്‍സണും ചേര്‍ന്നാണ് പുതിയ സ്പീഷീസിനെ വിശദീകരിച്ചത്. പുതിയ ലക്കം 'ജേര്‍ണല്‍ ഓഫ് മാമലോളജി'യില്‍ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കയിലും ബ്രസീലിലുമുള്ള മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള 27 സ്‌പെസിമനുകള്‍ വിശകലനം ചെയ്തായിരുന്നു പഠനം. ഡോ. മൊറാട്ടെല്ലി വിശദീകരിക്കുന്ന അഞ്ചാമത്തെ വവ്വാലിനമാണിത്. സ്വര്‍ണത്തോടുള്ള ആകര്‍ഷണം കൊണ്ടു തന്നെയാണ് ബൊളീവിയയിലെ സുവര്‍ണവവ്വാല്‍ ശ്രദ്ധയില്‍പെടുന്നത്.
https://www.facebook.com/Malayalivartha