മിന്നിത്തിളങ്ങുന്ന പാല്‍ നിറമുള്ള പാമ്പ്
അപൂര്‍വമായ ഒരു പാമ്പിനെ ഓസ്‌ട്രേലിയയിലെ ടെറിട്ടറി വന്യജീവി പാര്‍ക്കില്‍ കണ്ടെത്തി. കടുത്ത തവിട്ട് നിറത്തില്‍ കാണപ്പെടുന്ന സ്ലേറ്റി ഗ്രേ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് പാല്‍ പോലെ വെളുത്ത നിറത്തില്‍ ഇവിടെ കണ്ടെത്തിയത്. ആല്‍ബിനോ രോഗബാധയാണ് പാമ്പിന്റെ വെളുത്ത നിറത്തിനു പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി.
സാധാരണയായി ആല്‍ബിനോ എന്ന ജനിതകരോഗം ബാധിക്കുന്ന ജീവികളുടെ കണ്ണുകള്‍ കടുത്ത പിങ്ക് നിറത്തിലാണ് കാണപ്പെടാറുള്ളത്. എന്നാല്‍ ഈ പാമ്പിന്റെ കണ്ണ് തവിട്ട് നിറത്തിലാണ്. ഏതായാലും പാമ്പിന്റെ അപൂര്‍വ്വ രൂപം കണക്കിലെടുത്ത് ഇതിന് പ്രത്യേക സംരക്ഷണം നല്‍കാനാണ് അധികൃതരുടെ തീരുമാനം.
ഒപ്പം പാമ്പില്‍ നിന്നും രോഗം വേറെ ജീവികളിലേക്ക് പടരാതിരിക്കാനും ഇതിനെ പ്രത്യേകം സൂക്ഷിക്കുമെന്നാണ് അധികൃതരുടെ വാദം. വടക്കന്‍ ഓസ്‌ട്രേലിയയിലെ വനാതിര്‍ത്തിയിലാണ് ഈ പാമ്പിനെ കണ്ടെത്തിയത്. ഇതുവരെ കാണാത്ത ഇനം പാമ്പിനെ കണ്ടതോടെ പ്രദേശവാസികളാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ വിശദമായ പരിശോധയ്ക്ക് വിധേയമാക്കി.
ആല്‍ബിനോ രോഗം ബാധിച്ച മറ്റു പാമ്പുകളേക്കാള്‍ സ്ലേറ്റി ഗ്രേ ഇനത്തില്‍ പെട്ട ഈ പാമ്പിനെ വ്യത്യസ്തനാക്കുന്നത് ശരീരത്തിന്റെ നിറം കൂടിയാണ്. ആല്‍ബിനോ പാമ്പുകളുടെ ശരീരത്തിന്റെ നിറം ഇളം പിങ്കായിരിക്കും. എന്നാല്‍ ഈ പാമ്പിന് ശരീരം തൂവെള്ള നിറത്തിലും കണ്ണുകള്‍ തവിട്ട് നിറത്തിലുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
https://www.facebook.com/Malayalivartha