പുലി ഷോക്കേറ്റ് ചത്തനിലയില്‍ വൈദ്യുതി ലൈനില്‍
നിസാമാബാദിലെ കൃഷിയിടത്തിനു സമീപത്തുള്ള വൈദ്യുത കമ്പിയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. നാലുവയസ്സുള്ള പുള്ളിപ്പുലിയുടെ ജഡമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് വൈദ്യുത ലൈനിനു മുകളില്‍ പുലിയുടെ ജഡം തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഗ്രാമവാസികള്‍ വിവരം വനംവകുപ്പ് അധികൃതരെയും പോലീസിനെയും അറിയിച്ചു. വൈദ്യുതാഘാതമേറ്റാണ് പുലി ചത്തതെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും പുലി എന്തിന് വൈദ്യുത കമ്പിക്കുമേല്‍ കയറിയെന്നത് അധികൃതരെ കുഴക്കി.
തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും പുലിയുടെ ജഡം വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. മൃഗങ്ങളോ മനുഷ്യരോ ഇല്ലാത്ത പ്രദേശത്ത് പുലി എങ്ങനെ എത്തിച്ചേര്‍ന്നെന്നും എന്തിന് വൈദ്യുത പോസ്റ്റിന് മുകളില്‍ കയറി എന്നതും വ്യക്തമല്ലെന്ന് നിസാമാബാദ് വനംവകുപ്പ് ഉദ്യോഗസ്ഥന് എന്‍ വി പ്രസാദ് പറഞ്ഞു.
പാടശേഖരത്തിനു സമീപത്താണ് വൈദ്യുത പോസ്റ്റ് ഉണ്ടായിരുന്നത്. സമീപത്തെങ്ങും മരങ്ങളുണ്ടായിരുന്നില്ല. പരിസര പ്രദേശങ്ങള്‍ വ്യക്തമായി കാണുന്നതിന് പുലി ഉയരമുള്ള സ്ഥലത്ത് കയറിയതാകാമെന്നാണ് കരുതുന്നത്. അപകട സന്ദര്‍ഭങ്ങളിലോ മറ്റേതെങ്കിലും ജീവികള്‍ പിന്‍തുടരുമ്പോഴോ പുലികള്‍ മരങ്ങളിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ കയറാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അങ്ങനെ കയറിയപ്പോള്‍ വൈദ്യുതാഘാതമേറ്റതാകാം പുലി ചാകാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി.
വൈദ്യുതി കമ്പിയില്‍ കടിച്ചതാണ് പുലി പെട്ടെന്ന് ചാവാന്‍ കാരണമെന്നാണ് കരുതുന്നത്. സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ഈ പ്രദേശത്ത് ഇടയ്ക്ക് പുലിയിറങ്ങാറുണ്ട്. പുലികളെ നിരീക്ഷിക്കുന്നതിന് പ്രദേശത്ത് കാമറകള്‍ സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന് എന്‍ വി പ്രസാദ് പറഞ്ഞു.
https://www.facebook.com/Malayalivartha