തലയില്‍ കലം കുടുങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷിക്കുന്ന ഫയര്‍ ഫോഴ്‌സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്
ഒന്നരവയസ്സുകാരന്റെ തലയില്‍ കുടുങ്ങിയ കലം മലപ്പുറം ഫയര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മുറിച്ചുനീക്കുന്ന വിഡിയോ മൂന്നുദിവസത്തിനുള്ളില്‍ കണ്ടത് 66 ലക്ഷം പേര്‍. സാഹസികമായ പല രക്ഷപ്പെടുത്തലുകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും ഈ വീഡിയോ അപ്രതീക്ഷിതമായി വൈറല്‍ ആയതിന്റെ ആശ്ചര്യത്തിലാണ് ഫയര്‍ഫോഴ്‌സ്.
കേരള ഫയര്‍ ഫോഴ്‌സ് എന്ന ഫെയ്‌സ്ബുക് പേജിലാണ് 66.45 ലക്ഷം പേര്‍ വീഡിയോ കണ്ടത്. ഫയര്‍ ഫോഴ്‌സ് അംഗത്തിന്റെ ഫെയ്‌സ്ബുക് പേജും വാട്‌സാപ്പും വഴിയുള്ള കാഴ്ചക്കാര്‍ വേറെ. ഈ മാസം അഞ്ചിനാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
നാലിന് വൈകിട്ട് നാലരയോടെയാണ് മലപ്പുറം പാണായി പെരിമ്പലം കൊടുംപള്ളിക്കല്‍ ഷുഹൈബ് തങ്ങളും ഭാര്യ ഇസ്രത്ത് ജഹാനും മകന്‍ അല്‍സാമുമായി ഫയര്‍ സ്‌റ്റേഷനിലെത്തിയത്. വീട്ടിനകത്ത് കളിക്കുന്നതിനിടെ കലം അബദ്ധത്തില്‍ അല്‍സാമിന്റെ തലയില്‍ കുടുങ്ങുകയായിരുന്നു. കലം മാറ്റാന്‍ ചെറിയ ശ്രമമൊന്നും മതിയാവില്ലെന്നു മനസ്സിലായതോടെ ഫയര്‍ സ്‌റ്റേഷനിലേക്കു തിരിച്ചു.
വിവിധതരം കട്ടറുകള്‍ ഉപയോഗിച്ചു ശ്രദ്ധയോടെ കലം മുറിച്ചുമാറ്റുന്നതും കുട്ടി വാവിട്ടു കരയുന്നതും ഒടുവില്‍ മുഖത്ത് ആശ്വാസം തെളിയുന്നതും വിഡിയോയില്‍ കാണാം. എസ്ഒ സി.ബാബുരാജന്റെ നേതൃത്വത്തിലാണ് അഞ്ചുമിനിറ്റ് കൊണ്ട് അലുമിനിയംകലം മുറിച്ചെടുത്തത്. കുട്ടികള്‍ കളിക്കുന്നത് വീടിനകത്തായാലും പുറത്തായാലും മുതിര്‍ന്നവരുടെ ശ്രദ്ധ വേണമെന്നോര്‍മിക്കാന്‍ വീഡിയോ സഹായകമാകട്ടെയെന്നു ഷുഹൈബ് തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha