ഹനീഫയുടെ ജി.എസ്.ടി.രഹിത ഹോട്ടലില്‍ എല്ലാ വിഭവങ്ങള്‍ക്കും അഞ്ച് രൂപ മാത്രം
ഹോട്ടലുകളില്‍ ജി.എസ്.ടി.യുടെ പേരില്‍ വിലയേറുമ്പോള്‍ വ്യത്യസ്തനാവുകയാണ് മുഹമ്മദ് ഹനീഫയും അദ്ദേഹത്തിന്റെ ചായക്കടയും. ചരക്കുസേവന നികുതിയൊന്നും കടക്കാരനെയോ ഇവിടെയെത്തുന്ന ഉപഭോക്താവിനെയോ ബാധിച്ചിട്ടില്ല. കാരണം ഇവിടെ എന്തുകഴിച്ചാലും ഒരു വിഭവത്തിന് അഞ്ചുരൂപ മാത്രമാണ് ഈടാക്കുന്നത്. ചായ, കാപ്പി, പാലുംവെള്ളം, ദോശ, പൊറോട്ട എന്നിവയെല്ലാം അഞ്ച് രൂപ നിരക്കില്‍ കഴിക്കാം. ചിറ്റാര്‍ ടൗണിലാണ് ഗുണത്തിലോ വലുപ്പത്തിലോ ഒരു കുറവും വരുത്താത്ത ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. എ വണ്‍ ടീഷോപ്പ് എന്ന് പേരിട്ട കടയുടെ പേരുപോലെ നമ്പര്‍ വണ്ണാണ് ആഹാരവുമെന്ന് ഉപഭോക്താക്കളും പറയും.
അഞ്ച് രൂപ നിരക്കില്‍ ചായയും കാപ്പിയും മറ്റും കൊടുത്താല്‍ നഷ്ടമാവില്ലേ എന്ന ചോദ്യത്തിന് ഹനീഫായ്ക്ക് മറുപടിയുണ്ട്. നഷ്ടമില്ല, ലാഭവുമുണ്ട്. ജീവിക്കാന്‍ വേണ്ട ലാഭം എന്ന് പറയും. ഉടമയ്ക്കും അഞ്ച് തൊഴിലാളികള്‍ക്കും മാന്യമായ വരുമാനം ഉറപ്പാക്കുന്ന സ്ഥാപനമാണിത്. കലര്‍പ്പില്ലാത്ത ഉഴുന്നും അരിയും പരിപ്പും ഗോതമ്പുമെല്ലാം ഉപയോഗിച്ച് ഭക്ഷണം നിര്‍മ്മിക്കണമെന്നത് വിശുദ്ധമായ ഒരു കാര്യമായി ഇദ്ദേഹം കരുതുന്നു. ഭക്ഷണത്തില്‍ മായമില്ല. അങ്ങനെ ചെയ്യുന്നത് ഏറ്റവും വെറുക്കപ്പെട്ട കാര്യമായും ഇദ്ദേഹം കരുതുന്നു.
കറികളുടെ നിരക്കിലും ഈ വ്യത്യസ്തത കാണാം. കടലക്കറിക്ക് 10 രൂപയാണ് ഇവിടെ. മുട്ടക്കറിക്ക് 15 രൂപയും. ന്യായവിലയ്ക്ക് സാധനം വില്‍ക്കാന്‍ തീരുമാനം എടുക്കുമ്പോള്‍ ഒരു കാര്യമായിരുന്നു മനസ്സില്‍. ഒരു ഹോട്ടല്‍ തൊഴിലാളിക്ക് ഒരുദിവസം കിട്ടേണ്ട മാന്യമായ കൂലി തനിക്ക് കച്ചവടത്തിലെ എല്ലാ ചെലവും കഴിഞ്ഞ് കൈയില്‍ വരണമെന്ന തീരുമാനം. അത് എല്ലാക്കാലത്തും സാധിക്കുന്നുണ്ട്.
നേരത്തെ പത്തനംതിട്ടയില്‍ പല ഹോട്ടലുകളിലും തൊഴിലാളിയായിരുന്നു ഹനീഫ. അന്നത്തെ അനുഭവപരിചയം ഇപ്പോള്‍ സ്വന്തം കച്ചവടത്തില്‍ തുണയായി. ഏഴ് വര്‍ഷമായി മികച്ച രീതിയില്‍ ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നു.
https://www.facebook.com/Malayalivartha