സൂപ്പര്‍ബൈക്കില്‍ വരനും വധുവും എത്തിയ ന്യൂജെന്‍ കല്യാണം
വിവാഹ വേഷത്തില്‍ വധൂവരന്മാര്‍ സൂപ്പര്‍ ബൈക്കില്‍ ഫോര്‍ട്ട്‌കൊച്ചി-മട്ടാഞ്ചേരി റൂട്ടിലൂടെ പായുന്നത് കണ്ടവരും വിവാഹ ചടങ്ങിനെത്തിയവരും ആദ്യമൊന്നമ്പരന്നു, പിന്നെ കരുതി ന്യൂ ജെന്‍ വിവാഹമായിരിക്കുമെന്ന്. എന്നാലും പിന്നീട് നടന്ന മോട്ടോ ഡാന്‍സ് അക്ഷരാര്‍ഥത്തില്‍ അതിഥികളെ ഞെട്ടിച്ചു കളഞ്ഞു.
കേരള റൈഡേഴ്‌സ് ക്ലബ് (കെ.ആര്‍.സി) അംഗങ്ങളായ ഡോ. ഋഷി ജോര്‍ജിന്റെയും യൂഫി പോളിന്റെയും വിവാഹച്ചടങ്ങാണ് അതിഥികള്‍ക്ക് കാഴ്ചവിരുന്നൊരുക്കിയത്. ഫോര്‍ട്ട്‌കൊച്ചി സാന്താക്രൂസ് ബസിലിക്കയില്‍ വിവാഹശേഷം മട്ടാഞ്ചേരി ബസാര്‍ റോഡിലെ സന്താരി ഹാര്‍ബര്‍ റിസോര്‍ട്ടിലായിരുന്നു സല്‍ക്കാരം ഒരുക്കിയിരുന്നത്.
സൂപ്പര്‍ ബൈക്കിലാണ് വധൂവരന്മാര്‍ ഫോര്‍ട്ട്‌കൊച്ചി മുതല്‍ മട്ടാഞ്ചേരിയിലെ റിസോര്‍ട്ട് വരെ സഞ്ചരിച്ചത്. സഹപ്രവര്‍ത്തകര്‍ സൂപ്പര്‍ബൈക്കുകളില്‍ ഇവര്‍ക്ക് അകമ്പടിയേകി. റിസോര്‍ട്ടില്‍ എത്തിയശേഷമാണ് വധൂവരന്മാര്‍ അതിഥികളെ ശരിക്കും ഞെട്ടിച്ചത്. കേരളത്തില്‍ ആദ്യമായി മോട്ടോ ഡാന്‍സ് ഒരുക്കിയാണ് അതിഥികള്‍ക്ക് കാഴ്ചവിരുന്നൊരുക്കിയത്. വരനും വധുവും ഒഴികെയുള്ളവരെല്ലാം മോട്ടോ ഡാന്‍സ് വേഷവിധാനങ്ങളോടെയാണ് മോട്ടോ നൃത്തം അവതരിപ്പിച്ചത്.
സൂപ്പര്‍ ബൈക്ക് റൈഡര്‍മാര്‍ സാധാരണയായി ധരിക്കുന്ന ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ്, ഷൂസ് തുടങ്ങിയവ ധരിച്ചാണ് മോട്ടോ നൃത്തത്തില്‍ റൈഡേഴ്‌സ് ക്ലബ് അംഗങ്ങള്‍ പങ്കെടുത്തത്. 700 സി.സിക്ക് മുകളിലുള്ള സൂപ്പര്‍ ബൈക്ക് റൈഡര്‍മാരുടെ ക്ലബാണ് കെ.ആര്‍.സി.
ചെറുപ്പം മുതലേ സൂപ്പര്‍ ബൈക്കുകളുടെ ആരാധകനായ ഡോ. ഋഷി ജോര്‍ജ് തന്റെ വിവാഹച്ചടങ്ങും അവിസ്മരണീയമാക്കി മാറ്റാനാണ് തന്റെ വിവാഹദിനംതന്നെ കേരളത്തില്‍ ആദ്യമായി മോട്ടോ ഡാന്‍സ് അവതരിപ്പിച്ചത്
https://www.facebook.com/Malayalivartha