കദളിപ്പൂനിറമുള്ള പൂവിന്റെ ആമ്പല്‍പ്പാടം പൂത്ത് അമ്പാട്ടുകടവ്
നൂറ് ഏക്കറിലായി പൂത്തുകിടക്കുന്ന ആമ്പല്‍പ്പാടം. അതും വളരെ അപൂര്‍വമായി കാണുന്ന കദളിപ്പൂനിറമുള്ള ആമ്പല്‍പ്പൂവ്. പനച്ചിക്കാട് അമ്പാട്ട്കടവിലെ കദളിപ്പൂനിറമുള്ള ആമ്പല്‍പ്പൂക്കാലം തുടങ്ങിക്കഴിഞ്ഞാല്‍ ദൂരെനിന്നു പോലും കാഴ്ചക്കാരെത്തുന്നു. വര്‍ഷത്തില്‍ ആറു മാസം പാടത്ത് ആമ്പല്‍പ്പൂക്കാലമാണ്. കൊയ്ത്ത് കഴിഞ്ഞുള്ള ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് പൂക്കാലം.
കൃഷിക്കായി വെള്ളം വറ്റിച്ച് നിലമൊരുക്കുമ്പോള്‍ അതിനൊപ്പം ആമ്പല്‍ വള്ളികളും വിത്തും കായുമൊക്കെ ഉഴുതുചേരും. കൊയ്ത്തുകാലം കഴിയുന്നതോടെ വെള്ളം നിറയുന്ന പാടത്ത് ആമ്പല്‍ച്ചെടികള്‍ വളര്‍ന്ന് തുടങ്ങും. അധികം കഴിയുംമുമ്പേ പൂക്കാലം വരവായി. ഇത്തവണ വലിപ്പമുള്ള ആമ്പല്‍പ്പൂവുകളാണ് ഉണ്ടാകുന്നതെന്ന് സമീപവാസി കരിനാട്ടില്ലം നീലകണ്ഠന്‍ നമ്പൂതിരി പറയുന്നു.
മുമ്പും ഇവിടെ ആമ്പല്‍പ്പൂവുണ്ടായിരുന്നു. അതിന് ഇത്ര വലിപ്പമോ നിറമോ ഇതളുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റൊരു പാടത്ത് താമരപ്പൂക്കൃഷി തുടങ്ങിയ ശേഷമാണ് ഇവിടുത്തെ ആമ്പല്‍പ്പൂവിന് ഇത്ര മാറ്റമുണ്ടായത്. ശാസ്ത്രീയമായി സത്യമുണ്ടോയെന്നറിയില്ല. പലരും പറയും ഈ രണ്ട് ചെടികള്‍ക്കിടയില്‍ പരാഗണം നടന്നതാണെന്ന്'' അദ്ദേഹം പറയുന്നു.
രാത്രി പത്തുമണിയോടെയാണ് പൂക്കള്‍ വിടരുന്നത്. രാവിലെ പത്തുമണിയോടെ പൂക്കള്‍ കൂമ്പിയടയും. ഈ പൂക്കള്‍ പൂജയ്‌ക്കെടുക്കാത്തതിനാല്‍ ഒരു കൗതുകത്തിനാണ് ആള്‍ക്കാര്‍ ഇവ ശേഖരിക്കുന്നത്. ഓണം, വിഷു, വിജയദശമി നാളുകളില്‍ പൂക്കള്‍ തേടിയെത്തുന്നു പലരും. അക്കാലത്ത് പ്രദേശവാസികളായ കുട്ടികള്‍ പൂക്കച്ചവടത്തിനും അവസരമുണ്ടാക്കും.
https://www.facebook.com/Malayalivartha