പ്രണയസാഫല്യത്തിന് പ്രതിബന്ധമായത് മോദി!
കല്യാണം വേണ്ടെന്നുവെക്കുന്നതിന് പല കാരണങ്ങള്‍ കേട്ടിട്ടുണ്ട്. അമിതമായി സ്ത്രീധനം ആവശ്യപ്പെടുന്നതോ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതോ വരന്റെയോ വധുവിന്റെയോ സ്വഭാവദൂഷ്യമോ ഒക്കെ അതിന് കാരണമാകാം. എന്നാല്‍, യുപിയിലെ കാമുകനും കാമുകിയും അവരുടെ വിവാഹം അവസാന നിമിഷം വേണ്ടെന്നുവെച്ചത് ഇതുകൊണ്ടൊന്നുമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവരുടെ വിവാഹം മുടക്കിയത്! മോദിയുടെ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള തര്‍ക്കം ഇരുവരുടെയും ബന്ധത്തെത്തന്നെ ഉലയ്ക്കുകയായിരുന്നു. മറ്റേത് കാര്യത്തില്‍ ഒന്നിച്ചാലും മോദിയുടെ കാര്യത്തില്‍ ഭിന്നിപ്പ് തുടര്‍ന്നതോടെ, വിവാഹം വേണ്ടെന്നുവെക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
മോദിയെച്ചൊല്ലി കലഹിച്ച് പിരിഞ്ഞ കാമുകന് വ്യവസായിയും കാമുകി സര്‍ക്കാര്‍ ജീവനക്കാരിയുമാണ്. രാജ്യത്തെ സാമ്പത്തിക മുരടിപ്പിന് കാരണക്കാരന്‍ മോദിയാണെന്ന് ഒരാള്‍ വാദിച്ചപ്പോള്‍, മോദിയുടെ വികസനകാഴ്ചപ്പാടുകള്‍ മറ്റൊരാള്‍ ഉയര്‍ത്തിപ്പിടിച്ചു. ഇത്തരമൊരു വിഷയത്തിലെ ഭിന്നിപ്പുമായി വിവാഹജീവിതത്തിലേക്ക് കടന്നാല്‍ ജീവിതം സുഖകരമാകില്ലെന്ന് തോന്നിയതോടെ ഇരുവരും വിവാഹം വേണ്ടെന്നുവെക്കുകയായിരുന്നു.
മോദിയെച്ചൊല്ലി തങ്ങള്‍ പിരിയുകയാണെന്ന് യുവാവും യുവതിയും അറിയിച്ചതോടെ, മൂക്കത്ത് വിരല്‍വെച്ചത് വീട്ടുകാരും ബന്ധുക്കളുമാണ്. വിചിത്രമായ ന്യായീകരണത്തില്നിന്ന് ഇരുവരെയും പിന്തിരിപ്പാന്‍ വീട്ടുകാര്‍ നടത്തിയ ശ്രമവും ഫലിച്ചില്ല. ഏതായാലും പ്രശ്നത്തില്‍ രാഷ്ട്രീയക്കാരൊന്നും ഇതുവരെ ഇടപെടാത്തതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെയുള്ള ചാറ്റിങ്ങിനിടെയാണ് ഇരുവരും മോദിയെച്ചൊല്ലി കലഹിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha