വിഐപി 'മര'ത്തിന്റെ സുരക്ഷക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവിടുന്നത് 12 ലക്ഷം
ഒരു മരത്തിന്റെ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ വര്‍ഷം തോറും ചെലവഴിക്കുന്നത് 12 ലക്ഷം രൂപ. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ സാഞ്ചി ബുദ്ധവിഹാരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സാല്‍മത്പുറിലാണ് ഈ വിഐപി മരമുള്ളത്.
മരത്തിന്റെ സംരക്ഷണത്തിനും ജലസേചനത്തിനുമായാണ് സര്‍ക്കാര്‍ ഇത്രയും തുക ചെലവഴിക്കുന്നത്. മരത്തിന്റെ സംരക്ഷണത്തിനായി മാത്രം നാല് പേരെയാണ് നിയമിച്ചിരിക്കുന്നത്.
എന്താണ് ഈ മരത്തിന്റെ സവിശേഷത എന്നല്ലേ? അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സേ അവിടെ നിന്ന് കൊണ്ടുവന്നതാണ് ഈ ബോധി വൃക്ഷത്തിന്റെ തൈ. അദ്ദേഹം തന്നെ വൃക്ഷത്തൈ ഇവിടെ നട്ടുപിടിപ്പിക്കുകയും ചെയ്തു.
മരം നനയ്ക്കാനുള്ള വെള്ളത്തിനായി അടുത്തുതന്നെ ഒരു ജലസംഭരണി ക്രമീകരിച്ചിട്ടുണ്ട്. മരത്തിന്റെ ആരോഗ്യം പരിശോധിക്കാനായി മധ്യപ്രദേശ് കാര്‍ഷിക വകുപ്പിലെ ഒരു സസ്യശാസത്രജ്ഞന്‍ എല്ലാ ആഴ്ചയും എത്തുകയും ചെയ്യും.
മരത്തിന്റെ സുരക്ഷയ്ക്കായി നാല് ഗാര്‍ഡുകളെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വരുണ്‍ അവാസ്ഥി പറഞ്ഞു. മരം നില്‍ക്കുന്ന കുന്നുള്‍പ്പെടെയുള്ള മേഖല ബുദ്ധ സര്‍വ്വകലാശാലക്കായി മാറ്റിവെച്ചിരിക്കുന്നതാണ്. ഈ മേഖല ബുദ്ധിസ്റ്റ് സര്‍ക്യൂട്ടായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിസി മൂന്നാം നൂറ്റാണ്ടില്‍ ബുദ്ധന് ബോധോദയം ലഭിച്ച ബോധി വ്യക്ഷത്തിന്റെ ഒരു ശാഖ ശ്രീലങ്കയിലേക്ക് കൊണ്ടുപോകുകയും അനുകരാധപുരയില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തുവെന്ന് ഈ വൃക്ഷത്തിന് പിന്നിലുള്ള സങ്കല്‍പത്തെക്കുറിച്ച് സാഞ്ചിയിലെ മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
എന്നാല്‍ ഇതിനെതിരെ വന്‍വിമര്‍ശനവും ഉയരുന്നുണ്ട്. കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന മധ്യപ്രദേശിലെ 51 കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ ഈ തുക വിനിയോഗിക്കാവുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha