പള്ളി വികാരി 20,000 രൂപ പിരിവ് ചോദിച്ചു, വിശ്വാസി നല്കിയ മറുപടി കേള്‍ക്കൂ...
ആശുപത്രി നിര്‍മ്മിക്കാന്‍ 20,000 രൂപ ചോദിച്ച പള്ളി വികാരിക്കു വിശ്വാസി നല്കിയ മറുപടി ബഹുരസം. പൂഞ്ഞാര്‍ സെന്റ് മേരിസ് ഫെറോന പള്ളി വികാരി അഗസ്റ്റിന് തെരുവത്താണ് സംഭാവന ആവശ്യപ്പെട്ടു വിശ്വാസികള്‍ക്ക് കത്തയച്ചത്. എന്നാല്‍ കത്തിനു വന്ന മറുപടിയായിരുന്നു രസകരം.
നമ്മുടെ സ്വന്തം പാലാ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ മറുപടി പ്രത്യക്ഷപെട്ടത്. സംഭാവന നല്കിയാല് മാതാവ് നിങ്ങളെ അനുഗ്രഹിക്കുമെന്നും മാതാവ് പ്രതീക്ഷിക്കുന്നത് 20,000 രൂപയാണ് എന്നും അച്ചന് കത്തില്‍ പറയുന്നു. എന്നാല്‍ മാതാവിനോട് താന്‍ നേരിട്ട് കാര്യം പറഞ്ഞിട്ടുണ്ട് എന്നും 500 രൂപ മതിയെന്നു മാതാവ് പറഞ്ഞു എന്നുമായിരുന്നു വിശ്വാസിയുടെ മറുപടി. ആ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ബഹുമാനപ്പെട്ട വികാരിയച്ചന് അറിയുന്നതിന്,
പള്ളിയില്‍ ചെന്ന് ഒരു മെഴുകുതിരി കത്തിച്ച് മാതാവിനോട് കാര്യങ്ങള്‍ പറഞ്ഞു. മഴക്കാലമാണ് പണിയില്ല, പനിയാണെങ്കില്‍ കുടുംബമടക്കം വന്നിട്ടു രണ്ടാഴ്ചയായി. മരുന്നും കഞ്ഞിക്കുള്ള അരിയും വാങ്ങുന്നത് തന്നെ മത്തായി മാപ്പിളയോട് അദേഹം പ്രതീക്ഷിയ്ക്കുന്ന പലിശയ്ക്ക് കടം വാങ്ങിയിട്ടാണ്. സര്‍വ്വോപരി പാലാക്കാരനായ ഞാന്‍ എല്ലാവരേയും പോലെ പറമ്പിന്നു കിട്ടുന്ന ഇച്ചരെ റബര്‍ ഷീറ്റും ഒട്ടുപാലും വിറ്റാണ് പിള്ളേരെ പഠിപ്പിക്കുന്നതും കുടുംബം പോറ്റുന്നതും. ഇത്തവണ മഴക്കാലത്ത് റബ്ബറിനു പ്ലാസ്റ്റിക്കിടാന് പോലുമുള്ളത് കിട്ടിയിട്ടില്ല. റബ്ബറിനു വില കൂട്ടുന്ന കാര്യം പുണ്യാളന് മുഖേന മാതാവിനെ അറിയിച്ചിട്ടും ചര്‍ച്ചയില്‍ ഒരു തീരുമാനമായിട്ടില്ല. ഇന്തോനേഷ്യയില്‍ നിന്നുള്ള റബ്ബര്‍ കയറ്റുമതി കുറയണം എന്നാണ് പുണ്യാളന് പറയുന്നത്. മോദിയായതു കൊണ്ട് നേരില്‍ കാര്യം പറയാന്‍ മാതാവിനൊരു ചമ്മല്. എന്നാലും ശരിയാക്കാം എന്നു അറിയിച്ചിട്ടുണ്ട്.
വളരെ ബുദ്ധിമുട്ടായതിനാല്‍ ആശുപത്രി പണിയുടെ പേരില്‍ മാതാവ് പ്രതീക്ഷിയ്ക്കുന്ന തുകയില്‍ ഇളവു നല്‍കിയിട്ടുണ്ട്. ഉള്ളത് വച്ച് 500 രൂ. നല്കിയാല് മതിയെന്നും, പണമുണ്ടെന്ന് കരുതിയാണ് ആ തുക പ്രതീക്ഷിച്ചതെന്നും മാതാവ് പറഞ്ഞു. ആയതിനാല്‍ എന്റെ തുകയായ 500 രൂ. സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു.
https://www.facebook.com/Malayalivartha