അപൂര്‍വയിനം പറക്കും പാമ്പിനെ കണ്ടെത്തി
ഹൈദരാബാദിലെ ഗോഷാമഹലിലെ തിരക്കേറിയ കച്ചവട കേന്ദ്രത്തിലാണ് അപൂര്‍വ ഇനത്തില്‍പ്പെട്ട പറക്കും പാമ്പിനെ കണ്ടെത്തിയത്. ഓര്‍നേറ്റ് ഫ്‌ളൈയിങ് സ്‌നേക്ക് അഥവാ ക്രിസോപീലിയ ഓര്‍നേറ്റ എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. ആന്ധ്രാപ്രദേശിലോ തെലുങ്കാനയിലോ മുമ്പ് ഇവയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യാപാരികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫ്രണ്ട്‌സ് ഓഫ് സ്‌നേക്ക് സൊസൈറ്റിയിലെ രക്ഷാപ്രവര്‍ത്തകര്‍ ഷട്ടറിനുള്ളില്‍ നിന്ന് പറക്കും പാമ്പിനെ പിടികൂടി. പറക്കും പാമ്പിനെ പിന്നീട് സാനിക്പുരി സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റി.
ചെറിയ തോതില്‍ വിഷമുള്ള ഈ ഗണത്തില്‍പ്പെട്ട പാമ്പുകള്‍ പശ്ചിമഘട്ട മലനിരകള്‍, ബിഹാര്‍, ഒഡിഷ, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഇന്ത്യയുടെ വടക്കു കിടക്കന്‍ ഭാഗങ്ങള്‍, തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. പാമ്പിനെ കണ്ടെത്തിയതിനു സമീപം ധാരാളം തടി ഡിപ്പോകള്‍ ഉള്ളതിനാല്‍ തടിക്കൊപ്പം അന്യസംസ്ഥാനത്തുനിന്നും വണ്ടിയില്‍ അകപ്പെട്ട് ഇവിടെയെത്തിയതാകാം ഈ പാമ്പെന്നാണ് നിഗമനം. പ്ലൈവുഡ് ഷോപ്പിന്റെ ഉള്ളില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഈ പാമ്പിനെ പിടികൂടിയതെന്നതും ഈ സംശയം ബലപ്പെടുത്തുന്നു.
പ്രധാനമായും മൂന്നു തരത്തില്‍പ്പെട്ട പറക്കും പാമ്പുകളെയാണ് ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ളത്. അതിലൊന്നാണ് ഓര്‍നേറ്റ് ഫ്‌ളൈയിങ് സ്‌നേക്ക്. വായുവിലൂടെ പറക്കാന്‍ കഴിവുള്ളവയാണ് ഈ പാമ്പുകള്‍. ഒരു മരത്തില്‍ നിന്നും കുറച്ചകലെയുള്ള മറ്റൊരു മരത്തിലേക്ക് എളുപ്പത്തില്‍ പറക്കാന്‍ ഇവയ്ക്കു കഴിയും. ശത്രുക്കളില്‍ നിന്നും രക്ഷപെടാനാണ് ഈ ഗണത്തില്‍ പെട്ട പാമ്പുകള്‍ അവരുടെ ഈ പറക്കല്‍ തന്ത്രം പ്രധാനമായും ഉപയോഗിക്കുന്നത്. ഏകദേശം ഒന്നരയടിയോളം നീളമുണ്ടാകും ഇവയ്ക്ക്. നിലവില്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയ പാമ്പിന്റെ സ്വഭാവസവിശേഷതകളും മറ്റും നിരീക്ഷിക്കാനും പഠനവിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പിന്നീട് തെലങ്കാന വനംവകുപ്പിന്റെ അനുമതിയോടെ ഈ വിഭാഗത്തില്‍ പെട്ട പാമ്പുകള്‍ കൂടുതല്‍ വസിക്കുന്ന അനുയോജ്യമായ വാസസ്ഥലത്ത് തുറന്നുവിടാനാണു തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha