370 രൂപയുടെ മോഷണക്കേസില്‍ വിധിയുണ്ടായത് 29 വര്‍ഷത്തിനുശേഷം!ഒടുവില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ
വിചാരണയും വാദവും പ്രതിവാദവുമൊക്കെയായി പതിറ്റാണ്ടുകള്‍ നീളുന്ന കോടതിവ്യവഹാരത്തിന് ഉദാഹരണം ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്ന്.
ട്രെയിന്‍ യാത്രയ്ക്കിടെ 370 രൂപ മോഷ്ടിച്ച കേസില്‍ ശിക്ഷാവിധി 29 വര്‍ഷത്തിനുശേഷം! പ്രതികളായ രണ്ടുപേര്‍ക്കു വിധിച്ചത് അഞ്ചുവര്‍ഷവും 10,000 രൂപ പിഴയും.
1988 ഒക്‌ടോബര്‍ 21-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്രെയിന്‍ യാത്രയ്ക്കിടെ സഹയാത്രികനു ചായയില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി 370 രൂപ കവര്‍ന്ന സംഭവത്തിലാണ് ബറേലിയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഒടുവില്‍ തീര്‍പ്പുകല്‍പ്പിച്ചത്.
ഷാജഹാന്‍പുരില്‍നിന്ന് പഞ്ചാബിലേക്കു ജോലി തേടിപ്പോയ വാജിദ് ഹുസൈനാണ് വാദി. ചന്ദ്രപാല്‍, കനയ്യലാല്‍, സര്‍വേശ് എന്നിവരായിരുന്നു പ്രതിക്കൂട്ടില്‍. വര്‍ഷങ്ങള്‍ നീണ്ട കോടതി നടപടികള്‍ക്കിടയില്‍ പ്രതികളിലൊരാളായ ചന്ദ്രപാല്‍ 2004-ല്‍ മരിച്ചു. വാദിയായ ഹുസൈന് ഇപ്പോള്‍ വയസ് 59.
കേസില്‍ ശിക്ഷിക്കപ്പെട്ട ഹര്‍ദോയി സ്വദേശികളായ ലാലും സര്‍വേശും അറുപതുകളിലെത്തി. ജീവിത സായന്തനത്തില്‍ അഴിയെണ്ണാനാണു വിധിയെങ്കിലും കേസിന്റെ നൂലാമാലകള്‍ അവസാനിച്ചല്ലോയെന്ന ആശ്വാസമാണ് പ്രതികള്‍ പ്രകടിപ്പിച്ചത്.
https://www.facebook.com/Malayalivartha