നാണം കുണുങ്ങി പവിഴപ്പാമ്പ്; പക്ഷെ കടിച്ചാല്‍ ആന്റിവെനമില്ല
പവിഴപ്പാമ്പ് എന്ന് അറിയപ്പെടുന്ന അപൂര്‍വയിനം വിഷപ്പാമ്പിനെ കണ്ടെത്തി. ഇന്നലെ മയ്യിലില്‍ പിടികൂടിയത് പശ്ചിമഘട്ട മലനിരയില്‍ മാത്രം അപൂര്‍വമായി കണ്ടുവരുന്ന ബിബ്‌റോണ്‍സ് കോറല്‍ സ്‌നേക് എന്ന പാമ്പിനെയാണ്. ഓറഞ്ച് നിറത്തില്‍ കറുത്ത വളയങ്ങളോടു കൂടിയുള്ള പാമ്പിന്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. വളര്‍ച്ചയെത്തിയ പാമ്പുകള്‍ക്കു കറുപ്പുനിറം കലര്‍ന്ന ബ്രൗണ്‍ നിറത്തിലുള്ള വളയങ്ങളായിരിക്കും. ഇവയുടെ അടിഭാഗത്ത് ഓറഞ്ച് നിറം ഉണ്ടാവും. തലയുടെ ഭാഗം വട്ടത്തിലായിരിക്കും. 50 സെ. മീറ്റര്‍ മുതല്‍ 88 സെ. മീറ്റര്‍ വരെ നീളം കാണും ഇവയ്ക്ക്.
മയ്യില്‍ പാവന്നൂര്‍മൊട്ടയിലെ വീട്ടുപരിസരത്തു നിന്നു വനം വന്യജീവി വകുപ്പിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ വന്യജീവി സംരക്ഷകന്‍ റിയാസ് മാങ്ങാട് ആണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് ഗവേഷകന്‍ കൂടിയായ ഇദ്ദേഹം അടുത്തിടെ ചാലോട്, അഞ്ചരക്കണ്ടി പ്രദേശങ്ങളില്‍ ഇത്തരം പാമ്പ് ഇനങ്ങളെ കണ്ടെത്തിയതായി അറിയിച്ചു. പാമ്പിന്റെ ആവാസവ്യവസ്ഥയ്ക്ക് യോജ്യമായ കാടുകളിലേക്കു വിടാനാണ് തീരുമാനം.
1858-ല്‍ ഫ്രഞ്ച് സുവോളജിസ്റ്റ് ഗബ്രിയേല്‍ ബിബ്‌റോണ്‍സ് ആണ് ഈ ഇനം പാമ്പിനെ കണ്ടെത്തിയത്. കാലിയോഫിസ് ബിബ്‌റോണി എന്നതാണ് ശാസ്ത്രീയനാമം. ഏതെങ്കിലും ജീവി ആക്രമിക്കാന്‍ വരുമ്പോള്‍ തല ഉടലിന് അടിയില്‍ താഴ്ത്തി വാല്‍ചുരുട്ടി കിടക്കുന്നതിനാല്‍ നാണം കുണുങ്ങിയായ പാമ്പുകളെന്നു പറയുന്നു.
മണ്ണിനടിയിലും കാട്ടിലെ ഇലക്കൂടുകളുടെ അടിയിലുമാണ് കൂടുതല്‍ സമയവും കഴിയുക. നല്ല മഴയുള്ളപ്പോള്‍ ഇവ പുറത്തേക്കിറങ്ങും. രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. ചെറുപാമ്പുകള്‍, തവള എന്നിവ തന്നെയാണ് ഭക്ഷണം. കോറല്‍ സ്‌നേക് എന്ന പേര് ഉണ്ടെങ്കിലും കടലുമായി ഒരു ബന്ധവും ഇവയ്ക്കില്ല.
ഇവ കടിച്ചാല്‍ ചികിത്സയ്ക്ക് ആന്റിവെനം ലഭ്യമല്ല. വിഷം നാഡീവ്യൂഹത്തില്‍ പെട്ടെന്നു ബാധിക്കും. നിലവില്‍ മൂര്‍ഖന്‍, അണലി, ചുരുട്ട മണ്ഡലി, വെള്ളിക്കെട്ടന്‍ എന്നീ നാലു പാമ്പുകളുടെ വിഷത്തിനു മാത്രമേ ആന്റിവെനം ലഭിക്കുകയുള്ളു.
https://www.facebook.com/Malayalivartha