അപകടകാരികളായ ഗ്രീന്‍ മാമ്പകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോ കാണാം
സൗത്ത് ആഫ്രിക്കയുടെ തെക്കന്‍ തീരത്തുനിന്നു ഫോട്ടോഗ്രഫറായ കോര്‍ലെറ്റ് വെസല്‍സ് പകര്‍ത്തിയ ഗ്രീന്‍ മാമ്പകള്‍ തമ്മിലുള്ള കടുത്ത പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ആദ്യ കാഴ്ചയില്‍ പാമ്പുകള്‍ ഇണചേരുകയാണെന്നു തോന്നിയെങ്കിലും കൂടെയുണ്ടായിരുന്ന ഗവേഷകനാണ് പാമ്പുകള്‍ തമ്മിലുള്ള പോരാട്ടമാണിതെന്ന് വ്യക്തമാക്കിയത്.
സാധാരണയായി തന്റെ ആവാസ പരിധിയില്‍ അതിക്രമിച്ചു കടക്കുന്നവരെ ആണ്‍ മാമ്പകള്‍ തുരത്തിയോടിക്കുക പതിവാണ്. പെണ്‍ മാമ്പകളുടെ മുന്നില്‍ ശക്തി തെളിച്ച് ഇണചേരാനായും ആണ്‍ മാമ്പകള്‍ പോരാടാറുണ്ട്. അത്തരത്തിലുള്ള പോരാട്ടമാകാം ഇതെന്നുമാണ് നിഗമനം. അങ്ങനെയെങ്കില്‍ സമീപത്തെവിടെയെങ്കിലും പെണ്‍ മാമ്പ പതിയിരിക്കുന്നുണ്ടാവുമെന്നും പാമ്പുകളെക്കുറിച്ചു പഠനം നടത്തുന്നവര്‍ പറയുന്നു.
ഗുസ്തി മത്സരങ്ങളെ ഓര്‍മ്മിക്കുന്ന തരത്തിലുള്ള പോരാട്ടമായിരുന്നു ഗ്രീന്‍ മാമ്പകളുടേത്. ഒരാള്‍ക്കു മേല്‍ അധികാരം നേടാനാണ് പാമ്പുകള്‍ അന്യോന്യം ശ്രമിച്ചുകൊണ്ടിരുന്നത്. ഏകദേശം പതിനഞ്ചു മിനിറ്റോളം തുടര്‍ന്നു പാമ്പുകളുടെ പോരാട്ടം. പതിവുപോലെ കൂട്ടത്തില്‍ വലിയവന്‍ തന്നെ പോരാട്ടത്തിലും വിജയിച്ചു. ഒടുവില്‍ പോരാട്ടം അവസാനിപ്പിച്ച് ഇരുവരും സ്വന്തം സ്ഥാനത്തേക്ക് മടങ്ങി.
കടല്‍ത്തീരത്തിനു സമീപമുള്ള കാട്ടിലേക്കായിരുന്നു രണ്ടു പാമ്പുകളുടെയും യാത്ര. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ പോരാടുന്ന ആണ്‍ ബ്ലാക് മാമ്പകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഏതായാലും ലോകത്തിലെ ഏറ്റവും വിഷമുള്ള ഗ്രീന്‍ മാമ്പകളുടെ അപൂര്‍വ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫോട്ടോഗ്രഫറായ കോര്‍ലെറ്റ് വെസല്‍സ്.
https://www.facebook.com/Malayalivartha