ട്രെയിനിലെ ഭക്ഷണത്തില്‍ പല്ലി; യാത്രക്കാര്‍ ചിത്രം റെയില്‍വേ മന്ത്രിക്ക് അയച്ചു
രാജ്യത്തെ ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും നല്‍കുന്നത് വൃത്തിയില്ലാത്ത ഭക്ഷണമാണെന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു പിന്നാലെ, ട്രെയിനില്‍ യാത്രക്കാര്‍ക്കു നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാര്‍ ചിത്രം സഹിതം കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്യുകയും ചെയ്തു. പാറ്റ്‌നക്കു സമീപത്ത് പൂര്‍വ്വ എക്‌സ്പ്രസിലാണ് സംഭവം നടന്നത്.
ജാര്‍ഖണ്ഡില്‍ നിന്നും ഉത്തര്‍്പ്രദേശില്‍ പോയ തീര്‍ഥാടക സംഘം വാങ്ങിയ വെജിറ്റബിള്‍ ബിരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ടിക്കറ്റ് എക്‌സാമിനറെയും പാന്‍ട്രി കാര്‍ ജീവനക്കാരെയും സംഭവമറിയിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ തയാറായില്ല. മാത്രമല്ല, ജീവനക്കാര്‍ ഭക്ഷണം പുറത്തേക്കെറിയുകയും ചെയ്തു.
ഭക്ഷണം കഴിച്ച ഒരു യാത്രക്കാരന് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പല്ലി ചത്തുകിടക്കുന്ന ബിരിയാണിയുടെ ചിത്രം സഹിതം റയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്തത്.
തുടര്‍ന്ന് ട്രെയിന്‍ യുപിയിലെ മുഗള്‍സാരൈ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന റയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരന് മരുന്ന് നല്‍കുകയുമായിരുന്നു. സംഭവത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.
കഴിഞ്ഞയാഴ്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) രാജ്യത്തെ 74 റയില്‍വേ സ്‌റ്റേഷനുകളിലും 80 ട്രെയിനുകളിലും വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം നല്‍കുന്നതെന്ന് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗുരുതരമായ വീഴച റയില്‍വേ കേറ്ററിംഗ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha