ടോറി സനാഥനായി,എന്നു മാത്രമല്ല ഇനി രാജ്യത്തെ പ്രഥമ നായ!
ഏതൊരു നായയ്ക്കും ഒരു ദിനമുണ്ടെന്നാണല്ലോ ചൊല്ല്. ഉടമയാല്‍ ഉപേക്ഷിപ്പെട്ട് തെരുവില്‍ അലഞ്ഞ ടോറി എന്ന നായക്കുട്ടിയുടെ കാര്യത്തില്‍ ഈ ചൊല്ല് അക്ഷരംപ്രതി യാഥാര്‍ഥ്യമായിരിക്കുകയാണ്. ദക്ഷിണകൊറിയയിലാണ് സംഭവം.
ഒരു ഇറച്ചിക്കടയുടെ മൂലയില്‍ കഴിഞ്ഞിരുന്ന ടോറിയെ പുനരധിവാസകേന്ദ്രത്തിലെത്തിച്ചത് ദക്ഷിണകൊറിയയിലെ മൃഗക്ഷേമ സംഘടനയായ 'കെയര്‍'ആയിരുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ആ രക്ഷപ്പെടുത്തല്‍.അവിടെയുള്ള മറ്റ് അനാഥ നായകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന ടോറിയെ കഴിഞ്ഞ ദിവസം ഒരു സൗഭാഗ്യം തേടിയെത്തി.
പുതുതായി അധികാരമേറ്റ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നിന്റെ വളര്‍ത്തുനായയാകാനുള്ള ഭാഗ്യം! തെരുവിലും പുനരധിവാസ കേന്ദ്രത്തിലും ചെലവിട്ടിരുന്ന ടോറി ഇപ്പോള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ബ്ലൂ ഹൗസില്‍ ജീവനക്കാരുടെ പരിലാളനങ്ങളേറ്റു വിരാജിക്കുകയാണ്.
ആദ്യമായാണ് ഒരു അനാഥനായയെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ഏറ്റെടുക്കുന്നത്. പ്രസിഡന്റ് സ്വന്തമാക്കിയതിനാല്‍ 'പ്രഥമ നായ'എന്നാണ് കൊറിയന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ടോറിയെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നതുതന്നെ. എന്നാല്‍, ബ്ലൂഹൗസില്‍ ടോറി ഒറ്റയ്ക്കല്ല. മാറു എന്ന നായയും ജിംഗ് ജിംഗ് എന്ന പൂച്ചക്കുട്ടിയും അവിടെ കൂട്ടിനുണ്ട്.
https://www.facebook.com/Malayalivartha