ഒന്നു വീണങ്കിലെന്താ...ജൂഡ് കണ്ടെത്തിയത് ലക്ഷക്കണക്കിന് വര്‍ഷം പഴക്കമുള്ള ഫോസില്‍
മെക്‌സിക്കോയിലെ ലാ ക്രൂസെസില്‍ മാതാപിതാക്കള്‍ക്കൊപ്പം തങ്ങളുടെ പറമ്പില്‍ ട്രക്കിംഗിനിറങ്ങിയതായിരുന്നു ജൂഡ് സ്പാര്‍ക്ക്‌സ് എന്ന പത്തുവയസുകാരന്‍. നടക്കുന്നതിനിടയില്‍ കാലുതെറ്റി ജൂഡ് ഒരു കുഴിയിലേക്കുവീണു. കുഴിക്കു വലിയ ആഴമില്ലായിരുന്നതിനാല്‍ ജൂഡിന് പരിക്കൊന്നും പറ്റിയിരുന്നില്ല.
കുഴിയില്‍ കിടന്നുകൊണ്ടുതന്നെ ദേഹത്തെ പൊടിയൊക്കെ തട്ടിക്കളയുമ്പോഴാണ് ജൂഡ് തന്റെ ചുറ്റുപാടുമൊന്ന് ശ്രദ്ധിച്ചത്. ആനക്കൊമ്പിനോട് സാദൃശ്യമുള്ള വസ്തുവിന്റെ മുകളിലേക്കാണ് താന്‍ വീണിരിക്കുന്നത്. കൂടുതല്‍ പരിശോധനയില്‍ മറ്റൊരു കൊമ്പുകൂടി കണ്ടു. എന്നാല്‍ സാധാരണ ആനക്കൊമ്പിനേക്കാള്‍ ഇതിന് വലുപ്പമുണ്ടായിരുന്നു. സ്ഥലം പരിശോധിച്ച ജൂഡിന്റെ മാതാപിതാക്കള്‍ക്ക് കാര്യം ഗൗരവമുള്ളതാണെന്ന് തോന്നി. അവര്‍ ഉടന്‍ തന്നെ പുരാവസ്തുവകുപ്പില്‍ വിവരമറിയിച്ചു. വകുപ്പില്‍ നിന്നുള്ള ആളുകള്‍ വന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് സംഗതി മനസിലാകുന്നത്.
ജൂഡ് വീണത് ചരിത്രാതീതകാലത്ത് ഭൂമിയില്‍ അധിവസിച്ചിരുന്ന സ്‌റ്റെഗോമാസ്‌റ്റോടോണ്‍ എന്ന ജീവിയുടെ ഫോസിലിന്റെ പുറത്തേക്കായിരുന്നു. ആനയുടെ മുന്‍ഗാമികളാണ് ഇവരെന്ന് കരുതപ്പെടുന്നു. എന്നാല്‍ ആനയേക്കാള്‍ വലുപ്പമുണ്ട് ഇവയ്ക്ക്. ഏതായാലും വിവരം അറിഞ്ഞ ഉടന്‍ തന്നെ പുരാവസ്തു ഗവേഷകര്‍ ഇവിടെ പാഞ്ഞെത്തി ഫോസില്‍ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha