സ്രാവിന്റെ പിടിയില്‍ നിന്നും യുവതി രക്ഷപ്പെട്ടത് അതിന്റെ കണ്ണ് കുത്തി പൊട്ടിച്ചതിനാല്‍!
സ്രാവ് തുടയില്‍ കടിച്ച് കടലിന്നടിയിലേക്കു താഴ്ത്തിയ ആ സന്ദര്‍ഭം ലീന എറിക്‌സണ്‍ എന്ന യുവതി വിശേഷിപ്പിക്കുന്നത് തന്റെ തലച്ചോറ് ഫ്‌ളൈറ്റ് മോഡിലായ നിമിഷമെന്നാണ്. ചിന്തകളില്ലാതെ, താന്‍ കരയുന്നുണ്ടെന്ന ബോധം പോലുമില്ലാതെ എല്ലാം ശൂന്യമായതുപോലെ തോന്നിയ നിമിഷമായ്രുന്നു. ആ നിമിഷത്തില്‍ നിന്നും പുറത്തുകടന്ന് ആത്മധൈര്യം വീണ്ടെടുത്തു നടത്തിയ പ്രത്യാക്രമണമാണ് 10 അടിയോളം നീളമുള്ള സ്രാവില്‍ നിന്ന് തന്നെ രക്ഷിച്ചതെന്ന് ലീന പറയുന്നു.
സ്രാവിനെ തള്ളി നീക്കാനുള്ള ശ്രമത്തിനിടയില്‍ പിടികിട്ടിയത് കണ്ണുകളിലൊന്നിലാണ്. താമസിക്കാതെ തന്നെ കണ്ണുകളിലേക്ക് വിരലുകള്‍ കുത്തിയിറക്കി. കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാന്‍ തക്ക ശക്തി അപ്പോള്‍ തന്റെ വിരലുകള്‍ക്കുണ്ടായിരുന്നുവെന്ന് ലീന പറയുന്നു. തണുത്ത ജെല്ലിയില്‍ വിരലാഴ്ത്തുന്നതു പോലെയാണ് അപ്പോള്‍ തോന്നിയത്. ഏതായാലും കണ്ണിനു മുറിവേറ്റതോടെ ലീനയുടെ ശരീരത്തിലുള്ള പിടിവിട്ട് സ്രാവ് പിന്‍വാങ്ങി. പക്ഷെ അപ്പോഴേക്കും തുടയിലെ വലിയൊരു ഭാഗം നഷ്ടപ്പെട്ടിരുന്നു.
കാലിഫോര്‍ണിയയിലെ സാന്‍ ഓനോഫ്രെ ബീച്ചില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒഴിവു ദിവസം ആഘോഷിക്കാനെത്തിയതായിരുന്നു ലീന. സുഹൃത്തിനൊപ്പം സര്‍ഫ് ചെയ്യുന്നതിനിടെയാണ് ലീനയെ സ്രാവ് ആക്രമിച്ചത്. ലീനയുടെ കരച്ചില്‍ കേട്ട് സുഹൃത്ത് ഡസ്റ്റി ഫിലിപ്‌സ് തിരിഞ്ഞ് നോക്കുമ്പോഴേക്കും സ്രാവ് ലീനയുമായി വെള്ളത്തിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു. പിന്തിരിഞ്ഞു നോക്കിയപ്പോള്‍ താന്‍ കണ്ടത് ഓളങ്ങള്‍ മാത്രമാണെന്ന് ഡസ്റ്റി പറയുന്നു, ലീന എവിടെപ്പോയി മറഞ്ഞുവെന്ന് ഡസ്റ്റി അത്ഭുതപ്പെട്ടു. അതേസമയം കാലില്‍ എന്തോ പിടികൂടിയപ്പോഴെ തന്നെ പിടികൂടിയത് എന്താണെന്ന് തിരിച്ചറിഞ്ഞുവെന്നാണ് ലീന വിശദീകരിക്കുന്നത്.
അപകടസ്ഥലത്ത് നിന്ന് ഹെലികോപ്റ്ററിലാണ് ലീന എറിക്‌സണെ ആശുപത്രിയിലെത്തിച്ചത്. 8 ശസ്ത്രക്രിയകള്‍ക്കും രണ്ട് മാസം നീണ്ട ആശുപത്രി വാസത്തിനും ശേഷമാണ് മൂന്ന് കുട്ടികളുടെ അമ്മയായ ലീന വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വന്നത്.
https://www.facebook.com/Malayalivartha