പരുന്തുകളെ പോലെ പറക്കാനും തിരണ്ടികള്‍ക്കു കഴിയും (വീഡിയോ)
മികച്ച വേട്ടക്കാരാണ് സ്രാവും പരുന്തും. സ്രാവ് കടലില്‍ വേട്ടയാടുന്നതില്‍ ഒന്നാം നമ്പറാണെങ്കില്‍ പരുന്താണ് ആകാശത്തെ വേട്ടക്കാരില്‍ ഒന്നാമന്‍. പരുന്തിന്റെ പേരില്‍ കടലിലും ഒരു ജീവിയുണ്ടെന്ന് അറിയാമോ?. ഈഗിള്‍ റേ അഥവാ പരുന്ത് തിരണ്ടി. പരുന്തിന്റെ ചിറകു പോലെ വലിപ്പമുള്ള ചിറകുകളാണ് ഈ തിരണ്ടിക്കുമുള്ളത്. ചിറകിന്റെ രൂപത്തില്‍ മാത്രമല്ല ചിറകുപയോഗിച്ചു പറക്കുന്നതിലും തങ്ങള്‍ പരുന്തിനെപ്പോലെയാണ് എന്ന് തെളിയിച്ചിരിക്കുന്നു ഒരു ഈഗിള്‍ റേ.
പനാമ ബീച്ചിനു സമീപത്ത് വച്ചാണ് ഈഗിള്‍ റേക്ക് വായുവില്‍ പറക്കാനുള്ള കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചത്. കടലിലെ ഏറ്റവും നല്ല നീന്തല്‍ക്കാരില്‍ ഒരാളായ സ്രാവാണ് തിരണ്ടിക്ക് പ്രചോദനം നല്‍കിയത്. ചുറ്റികത്തലയന്‍ ഇനത്തില്‍ പെട്ട ഈ സ്രാവില്‍ നിന്നും രക്ഷപെടാനാണ് വെള്ളത്തില്‍ നിന്നും ഏതാണ്ട് രണ്ടു മീറ്ററോളം ഉയരത്തില്‍ തിരണ്ടി പറന്നു പൊങ്ങിയത്.
സര്‍ഫിംഗിനായി ഇറങ്ങിയ വിനോദസഞ്ചാരികളാണ് ഈ ദൃശ്യം പകര്‍ത്തിയത്. തീരത്തെ ലക്ഷ്യമാക്കി കടല്‍പ്പരപ്പിലൂടെ തിരണ്ടി നീങ്ങുന്നതു കണ്ടാണ് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വൈകാതെ തിരണ്ടിക്കു പിറകില്‍ സ്രാവിന്റെ കൊമ്പ് ഉയര്‍ന്നു കണ്ടു. സ്രാവ് വല്ലാതെ അടുത്തെത്തിയപ്പോഴാണ് രക്ഷപ്പെടാനുള്ള അവസാനശ്രമമെന്ന നിലയില്‍ തിരണ്ടി ആകാശത്തേക്കുയര്‍ന്നത്. സ്രാവ് പുറകെ ചാടാന്‍ ശ്രമിച്ചെങ്കിലും തിരണ്ടി പക്ഷിയെപ്പോലെ വായുവില്‍ ഏതാനും നിമിഷങ്ങള്‍ പറന്നു നില്‍ക്കുക തന്നെ ചെയ്തു.
പക്ഷെ പറന്ന ശേഷം തിരണ്ടി വീണ്ടും സമുദ്രത്തിലേക്കു തിരികെ പതിച്ചപ്പോള്‍ ചുറ്റികത്തലയന്‍ സ്രാവ് പിന്നെയും പുറകെ കൂടി. ഒടുവില്‍ സ്രാവിനെത്താന്‍ കഴിയാത്ത വണ്ണം ബീച്ചിനോടു ചേര്‍ന്ന് ആഴം കുറഞ്ഞ പ്രദേശത്തേക്കു നീന്തിയെത്തിയാണ് തിരണ്ടി സ്വന്തം ജീവന്‍ രക്ഷിച്ചത്.
https://www.facebook.com/Malayalivartha